സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നു
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നു. എല്ലാ ക്ലാസുകളും സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച്് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് നടപ്പാക്കി വിജയിച്ച പദ്ധതിയാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ എട്ടുമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുപുറമെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരീശിലനം നല്‍കും. ആദ്യഘട്ടത്തില്‍ ഒന്നര ലക്ഷം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ഇതിനുപുറമെ കുട്ടികളില്‍ നിന്ന് സ്റ്റുഡന്റ് ഐ.ടി. കോ ഓര്‍ഡിനേറ്റര്‍മാരെയും നിയമിക്കും. പഠന വിഷയങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വായത്തമാക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇത് കുട്ടികള്‍ക്ക് പാഠങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള പദ്ധതി ഐ.ടി അറ്റ് സ്‌കൂളാണ് തയാറാക്കുന്നത്. മൂന്ന് തലങ്ങളായാണ് പദ്ധതി വിഭാവന ചെയ്യുന്നത്. അടിസ്ഥാനവികസനം, പരിശീലനം, വിഷയ കേന്ദ്രീകൃതമായ ഉള്ളടക്കം എന്നിവയിലധിഷ്ഠിതമായ പദ്ധതിക്ക് പ്രൊഫ. ജയശങ്കര്‍ ചെയര്‍മാനും ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് കണ്‍വീനറുമായ മാസ്റ്റര്‍ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ചുക്കാന്‍ പിടിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്‌കൂള്‍ മാനേജ്‌മെന്റുകളും ചേര്‍ന്നോ അല്ലാതെയോ ഭൗതികസൗകര്യങ്ങള്‍ ഒരുക്കണം.
പുതുക്കാടിനുപുറമെ കോഴിക്കോട് നോര്‍ത്ത്, ആലപ്പുഴ, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ പദ്ധതി നടന്നുവരുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ പുസ്തകങ്ങളുടെ ഉപയോഗം കുറയുമെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഇതുമൂലം എഴുത്തും വായനയും കുറയുമെന്ന ചിന്തക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."