ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം
റിയാദ്: ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമായതോടെ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസമായി എംബസികളുടെ ഇടപെടൽ. വിമാന സർവിസുകൾ ഭാഗികമായാണെങ്കിലും സർവിസുകൾ തുടരുന്ന സഊദിഅറേബ്യ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഫെബ്രുവരി 28 മുതൽ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരാണ് മടങ്ങാനാവാതെ പ്രയാസപ്പെടുന്നത്.
ഖത്തറിലെ ഇന്ത്യക്കാർക്ക് നേരത്തെ സഊദി കേന്ദ്രീകരിച്ച് ആശ്വാസ സർവിസുകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും കുടുങ്ങികിടക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് മടങ്ങനായി സഊദിഅറേബ്യ വഴി നടപടികൾ തുടങ്ങി. ഇക്കാര്യം അറിയിച്ചു എംബസി അറിയിപ്പും പുറത്തിറക്കി.
ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ യാത്ര തടസപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനായി സഊദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അടിയന്തര നടപടികൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ടൂറിസ്റ്റ് വിസയിലും മറ്റും ഹ്രസ്വകാല സന്ദർശനത്തിനെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്.
ബഹ്‌റൈനിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി റോഡ് മാർഗം സഊദിയിലെത്തി പിന്നീട് ഇവിടുത്തെ വിവിധ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പോകാനാണ് അനുമതി നൽകുന്നത്. ഇതിനായി സഊദി അധികൃതരിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് അനുമതി എംബസി വാങ്ങിനൽകും. റിയാദിലെ ഇന്ത്യൻ എംബസിയായിരിക്കും ഇതിനുള്ള നടപടികൾ പൂർത്തിയാക്കുക.
സഹായം ആവശ്യമുള്ളവർ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, പാസ്‌പോർട്ട് പേജുകളുടെ പകർപ്പ്, വിസ വിവരങ്ങൾ, കൈയിലുള്ള വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടുത്തി [email protected] എന്ന മെയിലിലേക്ക് വിവരങ്ങൾ കൈമാറുകയാണ് വേണ്ടത്. ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ വിവരങ്ങൾ റിയാദിലെ എംബസിക്ക് കൈമാറുകയും, അവർ സഊദി അധികൃതരിൽ നിന്ന് ഓരോ യാത്രക്കാരനും ആവശ്യമായ യാത്രാനുമതി ലഭ്യമാക്കുകയും ചെയ്യും.
അനുമതി ലഭിച്ചാലുടൻ എംബസി ഇതിന്റെ ഒരു ഫോർമൽ പകർപ്പ് നൽകും. അതേസമയം, യാത്രയിൽ യാത്രക്കാർ പാസ്‌പോർട്ട്, കൺഫേം ചെയ്ത ടിക്കറ്റ്, എംബസി നൽകിയ ഫോർമൽ നോട്ട് എന്നിവ നിർബന്ധമായും കൈവശം വെക്കണം. സഊദി ട്രാൻസിറ്റ് വിസയുടെ കാലാവധി 72 മുതൽ 96 മണിക്കൂർ (മൂന്ന് മുതൽ നാല് ദിവസം) വരെ മാത്രമാണ്. ഇതിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."