ടിടിഇ വിനോദിന്റെ മരണം: ഒരു നിമിഷത്തില്‍ എല്ലാം കഴിഞ്ഞു; ഞെട്ടലോടെ യാത്രക്കാര്‍
ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയില്‍ ഇതരസംസ്ഥാന യാത്രക്കാരന്‍ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഏപ്രില്‍ രണ്ടിന് എറണാകുളംപാറ്റ്‌ന സൂപ്പര്‍ ഫാസ്റ്റിലാണ് സംഭവം നടക്കുന്നത്. പ്രതി ഒഡീഷ സ്വദേശി രജനീകാന്തയെ പാലക്കാടു നിന്ന് പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ടിക്കറ്റില്ലാതെ എസ്11 റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. ടടിഇ ആയി ജോലി ചെയ്തിരുന്ന വിനോദ് ഇയാളോട് ടിക്കറ്റ് ആവശ്യപ്പെടുന്നു. രജനീകാന്ത ടിക്കറ്റ് കാണിക്കാന്‍ തയ്യാറായില്ല, ഒപ്പം വിനോദിന്റെ അമ്മയേയും സഹോദരിയേയും ഇയാള്‍ കേട്ടാലറക്കുന്ന ഭാഷയില്‍ രൂക്ഷമായി തെറിവിളിക്കുകയും ചെയ്തു. ശേഷം പോലീസിനെ വിവരമറിയിക്കാന്‍ വാതിലിനടുത്തേക്ക് മാറി ഫോണ്‍ വിളിക്കുകയായിരുന്ന വിനോദിനെ പ്രതി പുറകിലൂടെ പോയി തള്ളിയിടുകയായിരുന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ സീറ്റില്‍ വന്നു കിടന്നു. സംഭവം കണ്ടുനടുങ്ങിയ യാത്രക്കാരില്‍ ഒരാള്‍ ഉടന്‍ തന്നെ മറ്റൊരു ടിടിഇയെ വിവരമറിയിക്കുകയായിരുന്നു. പ്രതി രജനീകാന്ത സ്ഥിരം മദ്യപാനിയാണ്.
കുന്നംകുളത്തെ ഹോട്ടലില്‍ ശുചീകരണ തൊഴിലാളിയാണിയാള്‍. മദ്യപിച്ച് ജോലിക്കെത്തിയതിനാല്‍ പിരിച്ചു വിട്ടതായാണ് ഹോട്ടലുടമ പറയുന്നത്.
ഏറെ കാലങ്ങളായി തുടരുന്ന ട്രെയിനിലെ അക്രമങ്ങളുടെ അവസാന ഇര മാത്രമാണ് വിനോദ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 12,645 കേസുകളാണ് ദക്ഷിണ റെയില്‍വേയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യാത്രക്കാരുടെ വസ്തു മോഷണം മാത്രമായി 68 കേസുകള്‍. 3.47 ലക്ഷം രൂപ ഇങ്ങനെ യാത്രക്കാരില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. 77 പ്രതികള്‍ കവര്‍ച്ച കേസില്‍ പിടിയിലായി. ഇത്തരത്തില്‍ ആക്രമണങ്ങളുടെ പരമ്പരയായി ട്രെയിന്‍ യാത്രകള്‍ മാറുകയാണ്. വരുമാനത്തില്‍ കുതിച്ചു ചാടുമ്പോഴും യാത്രക്കാരുടെ ജീവനും സുരക്ഷിതത്വത്തിനും എന്തു വിലയാണ് റെയില്‍വേ നല്‍കുന്നത് ? മതിയായ ജീവനക്കാരില്ലാത്തത് പലകുറി ചൂണ്ടിക്കാട്ടിയിട്ടും റെയില്‍വേക്ക് ഒരു കൂസലുമില്ല. കമ്പാര്‍ട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായി ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടതായിവരും. നിലവില്‍ 5എസി കമ്പാര്‍ട്ട്‌മെന്റുകളോ 3 ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളോ ആണ് ഒരു ടിടിഇ പരിശോധിക്കേണ്ടതായുള്ളത്. ഒപ്പം ഓഡിനറി ടിക്കറ്റുകള്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതുള്‍പ്പെടെ മറ്റു ചുമതലകളും ടിടിഇക്കുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം വെയ്റ്റിംഗ് ലിസ്റ്റ് പരിധി 50% ഉയര്‍ത്തിയതോടെ റിസര്‍വ്ഡ് കോച്ചുകളില്‍ ടിടിഇമാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം പതിവാണ്. ഇതോടെ ദീര്‍ഘദൂര ട്രെയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ 200 മുതല്‍ 400 പേര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍ 600 പേര്‍ വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വെയ്റ്റിംഗ് ലിസ്റ്റ് പരിധി വര്‍ധിപ്പിച്ചതോടെ കോടികളുടെ അധികവരുമാനമാണ് റെയില്‍വേയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഇ.ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രം മൂന്നുവര്‍ഷത്തിനിടെ 1900 കോടി റെക്കോര്‍ഡ് വരുമാനമുണ്ടായതായാണ് കണക്കുകള്‍. അപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല.
കഴിഞ്ഞ ദിവസം നടന്നതിന് സമാന സംഭവങ്ങള്‍ ട്രെയിനില്‍ മുന്‍പും ആവര്‍ത്തിച്ചിട്ടുണ്ട്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൗമ്യയുടെ മരണവും ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു. അന്ന് യാത്രക്കാരിയായിരുന്നെങ്കില്‍ ഇന്ന് വിനോദ് എന്ന പേരില്‍ റെയില്‍വേ ജീവനക്കാരനാണെന്നത് മാത്രമാണ് വ്യത്യാസം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ഡിവിഷനില്‍ 30 ശതമാനത്തോളം വനിത ടിടിഇമാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ സുരക്ഷിതത്വവും ഇപ്പോള്‍ ചോദ്യചിഹ്നമാണ്.പൊതുമേഖലയില്‍ രാജ്യത്തിന് ഏറ്റവുമധികം വരുമാനം ഉണ്ടാക്കി കൊടുക്കുമ്പോഴും യാത്രക്കാരുടെ ജീവനും സ്വത്തിനും റെയില്‍വേ യാതൊരുറപ്പും നല്‍കുന്നില്ല,ദീര്‍ഘദൂര വണ്ടികളില്‍ രാത്രികാല പെട്രോളിങ്ങ് നടത്താറില്ല, പല വണ്ടികളും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ കുറച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. മതിയായ ആര്‍പിഎഫുകാരും സേനയിലില്ല. മറ്റു സംസ്ഥാനങ്ങളിലെ യാത്രക്കാരെ അപേക്ഷിച്ച് കൃത്യമായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നിട്ട് ദീര്‍ഘദൂര വണ്ടികളല്ലാതെ കേരളത്തില്‍ ഇന്ന് ഓടുന്നതില്‍ ഒട്ടുമിക്ക ട്രെയിനുകളും നോര്‍ത്തില്‍ ഓടിയോടി തയഞ്ഞു തീരാറായ ബോഗികളെ പേറുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."