അഫ്ഗാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ച് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ ഗവേഷകന്‍ ഡെനിസ് കോയിലിനെ മോചിപ്പിച്ച് താലിബാന്‍ ഭരണകൂടം. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി കോയിലിന് മാപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിലേറെയായി അഫ്ഗാന്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഡെനിസ്.
2025 ജനുവരിയിലാണ് നിയമലംഘനം ആരോപിച്ച് താലിബാന്‍ ഭരണകൂടം ഡെനിസിനെ കസ്റ്റഡയിലെടുത്തത്. ഏത് നിയമമാണ് ഡെനിസ് ലംഘിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചും ഇതുവരെയുള്ള തടവ് ശിക്ഷ മതിയെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് അദ്ദേഹം മോചിതനാവുന്നത്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്.
ഡെനിസിന്റെ തടവിന് പിന്നാലെ താലിബാനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പൗരന്‍മാരെ തടഞ്ഞുവെച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന 'ഹോസ്‌റ്റേജ് ഡിപ്ലോമസി' അഫ്ഗാന്‍ പയറ്റുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ അഫ്ഗാന്‍ ഭരണകൂടം നിയമലംഘനം നടത്തുന്നവരെ മാത്രമാണ് തടവിലാക്കുന്നതെന്നും, അല്ലാതെ മറ്റ് രാജ്യങ്ങളുമായി വിലപേശാനില്ലെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."