ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ പള്ളിക്കു മുകളില്‍ കയറി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കാവിക്കൊടി സ്ഥാപിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകീട്ടോടെ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്ര പള്ളിയുടെ സമീപത്തുകൂടി കടന്നുപോകുന്നതിനിടെ രണ്ടുപേര്‍ മേല്‍ക്കൂരയില്‍ കയറി കാവിക്കൊടി വീശുകയും അതിന് മുകളില്‍ സ്ഥാപിക്കുകയുമായിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ചാണ് ഇവര്‍ പള്ളിക്കുമുകളില്‍ കൊടി വീശിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘം ഇടപെട്ട് ഇവരെ താഴെയിറക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി പള്ളി കമ്മിറ്റി അംഗങ്ങളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തി. പൊലിസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം സംഘര്‍ഷം ഒഴിവായെന്നും, പ്രദേശത്ത് ഇപ്പോള്‍ പൂര്‍ണ്ണമായും സമാധാനാന്തരീക്ഷം നിലനില്‍ക്കുകയാണെന്നും മുതിര്‍ന്ന അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."