HOME
DETAILS

ദിശമാറി വീശുമോ കൊല്ലത്തെ കാറ്റ്

  
അൻസാർ മുഹമ്മദ്
April 06, 2026 | 2:17 AM

Will the wind in Kollam change direction

കൊല്ലം: പ്രവചനാതീതമാണ് കൊല്ലത്തിന്റെ രാഷ്ട്രീയ മനസ്. എന്നാൽ, കൊല്ലത്തെ കാറ്റ് ദിശമാറി വീശാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പഴമക്കാർ വരെ പറയുന്നത്. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 2011ലായിരുന്നു. അന്നുമുതൽ ഇടതുകാറ്റാണ് ജില്ലയിൽ വീശിയടിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെഞ്ഞെടുപ്പിലും മാസങ്ങൾക്കുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കാറ്റ് വലത്തോട്ടാണ് വീശിയത്. കൊല്ലം പിടിക്കുന്നവർ ഭരണത്തിലേറുമെന്ന പഴമക്കാരുടെ പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച് പ്രതീക്ഷയുടെ കാറ്റാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്. 
അതേസമയം, കാറ്റിന്റെ ദിശ ഇടയ്ക്ക് മാറിയെങ്കിലും കൊടുങ്കാറ്റായി തങ്ങളുടെ ഭാഗത്തേയ്ക്ക് വീശിത്തുടങ്ങിയെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. ഇത്തവണ കാറ്റ് മന്ദം മന്ദം തങ്ങളുടെ ഭാഗത്തേയ്ക്ക് വീശുന്നുവെന്നും ജില്ലയിൽ ഒരു മണ്ഡലത്തിലെങ്കിലും താമര വിരിയുമെന്നും പലയിടങ്ങളിലും രണ്ടാംസ്ഥാനത്ത് എത്തുമെന്നും സ്വപ്‌നം കണ്ടിരിക്കുകയാണ് എൻ.ഡി.എ.  

ചെറുകക്ഷികളായ ആർ.എസ്.പിക്കും സി.എം.പിക്കും കേരള കോൺഗ്രസ് ബിക്കും എം.എൽ.എമാരെയും മന്ത്രിമാരെയും നൽകിയ  ജില്ലയാണ് കൊല്ലം. മൂന്നു മന്ത്രിമാരും എൽ.ഡി.എഫിന്റെ ആറും യു.ഡി.എഫിന്റെ രണ്ടും സിറ്റിങ് എം.എൽ.എമാരും ജില്ലയിൽ ജനവിധി തേടുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ, ചാത്തന്നൂർ, ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂർ, കൊല്ലം, പുനലൂർ, പത്തനാപുരം എന്നീ 9 മണ്ഡലങ്ങളിലും എൽ.ഡി.എഫാണ് ജയിച്ചുകയറിയത്. എന്നാൽ, കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടുപോയി. ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ ചെറിയ

ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ 30 വർഷമായി എൽ.ഡി.എഫിനൊപ്പമാണ് പുനലൂർ, ഇരവിപുരം മണ്ഡലങ്ങൾ. അതിൽ മാറ്റമുണ്ടാകില്ലെങ്കിലും 1987 മുതൽ യു.ഡി.എഫിന് പച്ചതൊടാനാകാത്ത കുന്നത്തൂരും 20 വർഷമായി എൽ.ഡി.എഫ് കുത്തകയാക്കി വച്ചിരിക്കുന്ന കൊല്ലം, കൊട്ടാരക്കര, ചാത്തന്നൂർ മണ്ഡലങ്ങളും കൈവിട്ടുപോകുമോയെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. കഴിഞ്ഞപ്രാവശ്യം രണ്ടാണ് കിട്ടിയതെങ്കിൽ ഇത്തവണ അട്ടിമറി വിജയമാണ് ജില്ലയിൽ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കുണ്ടറയിൽ പി.സി വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി.

സി.പി.എം പുതുമുഖം എസ്.എൽ സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. കുണ്ടറയിലും ഡീൽ വിവാദം ഉയരുന്നുണ്ട്. പതിനൊന്നിൽ ആറു മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചുള്ള ആർ.എസ്.പി, ആർ.എസ്.പി (ലെനിനിസ്റ്റ്), കേരള കോൺഗ്രസ് (ബി) എന്നീ പാർട്ടികൾക്ക് നിലനിൽപ്പിന്റെ പ്രശ്‌നംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടുതവണയും നിയമസഭയിൽ പ്രവേശനം കിട്ടാതിരുന്ന ആർ.എസ്.പിക്ക് ഇത്തവണ നിർണായകമാണ്. ചവറ, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിലാണ് അവർ മത്സരിക്കുന്നത്. പുനലൂർ സീറ്റ് വച്ചുമാറണമെന്നാവശ്യപ്പെട്ട മുസ്‌ലിം ലീഗ് ഒത്തുതീർപ്പിന് വഴങ്ങി അവിടെത്തന്നെ മത്സരിക്കുന്നു.  പത്തനാപുരം പിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. ആറാം അങ്കത്തിനിറങ്ങിയ മന്ത്രി കെ.ബി ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞതവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. പ്രാദേശിക എൻ.എസ്.എസ് പിന്തുണയില്ലാത്തതും വിവാദങ്ങളും ഗണേഷ്‌കുമാറിനു തിരിച്ചടിയാകുമോ അതോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എതിരാളികളുടെമേൽ വിജയം നേടുമോ എന്നാണ് അറിയേണ്ടത്. 

വാശിയേറിയ പോരാട്ടമാണ് കൊല്ലം മണ്ഡലത്തിലും നടക്കുന്നത്. പാർട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സി.ഐ.ടി.യു ജില്ലാസെക്രട്ടറി എസ്. ജയമോഹനും ഡി.സി.സി മുൻ പ്രസിഡന്റും കഴിഞ്ഞതവണ മുകേഷിനെതിരേ മത്സരിച്ച ബിന്ദു കൃഷ്ണയുമാണ് ഏറ്റുമുട്ടുന്നത്. അവസാന ലാപ്പിലെത്തുമ്പോൾ യു.ഡി.എഫിനാണ് മുൻതൂക്കം. പക്ഷേ, അടിയൊഴുക്കുകൾ എങ്ങോട്ട് ചായുമെന്ന് ഇരുമുന്നണികളും ആശങ്കപ്പെടുന്നുണ്ട്. രണ്ടുടേം നിബന്ധനയിൽ ഇളവുനേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി ആർ.എസ്.പിയുടെ യുവനേതാവ് അഡ്വ. വിഷ്ണുമോഹനാണ്. ആർ.എസ്.പി വിട്ട സജി ഡി. ആനന്ദാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. ഡീൽ വിവാദം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അതൊന്നും മണ്ഡലം അത്ര മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്. ചവറയിൽ രണ്ടുതവണ പരാജയമേറ്റുവാങ്ങിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിനും ഇത്തവണ നിർണായക മത്സരമാണ്. സിറ്റിങ് എം.എൽ.എ സി.പി.എം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുന്നത്. 

കൊട്ടാരക്കരയിൽ പ്രവചനാതീതം 

കൊട്ടാരക്കരയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ എതിരാളി അത്ര ചില്ലറക്കാരിയല്ല. കൊട്ടാരക്കരയെ ചുമപ്പിച്ച അയിഷാ പോറ്റി കൈപ്പത്തിയിൽ മത്സരിക്കുമ്പോൾ ഇടതുമുന്നണിക്ക് കുറച്ചൊന്നുമല്ല ആശങ്ക. അയിഷാ പോറ്റിയിലൂടെ സി.പി.എമ്മിലെത്തിയ നിഷ്പക്ഷ വോട്ടുകൾ വീണ്ടും അയിഷാ പോറ്റിയുടെ പെട്ടിയിലേക്ക് തന്നെ വീഴുമോ?. 

2021

എൽ.ഡി.എഫ്- 9  
(കൊല്ലം, കൊട്ടാരക്കര, ഇരവിപുരം, ചാത്തന്നൂർ, പത്തനാപുരം, ചടയമംഗലം, പുനലൂർ, ചവറ, കുന്നത്തൂർ) 
യു.ഡി.എഫ്- 2  
(കുണ്ടറ, കരുനാഗപ്പള്ളി) 

2016
എൽ.ഡി.എഫ്- 11 
(കൊല്ലം, കൊട്ടാരക്കര, ഇരവിപുരം, ചാത്തന്നൂർ, പത്തനാപുരം, ചടയമംഗലം, പുനലൂർ, ചവറ, കുന്നത്തൂർ, കുണ്ടറ, കരുനാഗപ്പള്ളി) 
യു.ഡി.എഫ്- 0

2011
എൽ.ഡി.എഫ്- 10 
(കൊല്ലം, കൊട്ടാരക്കര, ഇരവിപുരം, ചാത്തന്നൂർ, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ, കുണ്ടറ, കരുനാഗപ്പള്ളി) 
യു.ഡി.എഫ്-1  (ചവറ) 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 
യു.ഡി.എഫ്- 9 
(കൊല്ലം,  ഇരവിപുരം, ചാത്തന്നൂർ, പത്തനാപുരം, ചടയമംഗലം, പുനലൂർ, ചവറ,  കുണ്ടറ, കരുനാഗപ്പള്ളി. 
എൽ.ഡി.എഫ്- 2 
(കുന്നത്തൂർ, കൊട്ടാരക്കര) 
എൻ.ഡി.എ- 0

2025 തദ്ദേശ തെരഞ്ഞെടുപ്പ് 

യു.ഡി.എഫ് - 4
(കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ, പത്തനാപുരം) 
എൽ.ഡി.എഫ് - 7
(കൊല്ലം, ഇരവിപുരം, കൊട്ടാരക്കര, പുനലൂർ, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം) 
തദ്ദേശഭരണം 
കൊല്ലം കോർപറേഷൻ - 
യു.ഡി.എഫ് 
(യു.ഡി.എഫ് - 27, എൽ.ഡി.എഫ് - 16, എൻ.ഡി.എ - 12)
ജില്ലാപഞ്ചായത്ത് 
(എൽ.ഡി.എഫ് - 17, 
യു.ഡി.എഫ് - 10)
നഗരസഭകൾ 
എൽ.ഡി.എഫ് - 3 
(പുനലൂർ, കൊട്ടാരക്കര, പരവൂർ) 
യു.ഡി.എഫ് - 1 (കരുനാഗപ്പള്ളി) 
ഗ്രാമപഞ്ചായത്ത് 
യു.ഡി.എഫ് - 34 (രണ്ടെണ്ണം നറുക്കെടുപ്പിലൂടെ) 
എൽ.ഡി.എഫ് - 33
എൻ.ഡി.എ - 1

വിഭാഗീയതയിൽ വീഴുമോ സി.പി.ഐ ? 

കൊല്ലം ജില്ലയിൽ നാലു സീറ്റുകളിലാണ് സി.പി.ഐ ഇത്തവണ ജനവിധി തേടുന്നത്. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ മണ്ഡലങ്ങൾ നിലനിർത്തുമെന്നും കരുനാഗപ്പള്ളി തിരിച്ചു പിടിക്കുമെന്നുമാണ് സി.പി.ഐ അവകാശവാദമെങ്കിലും ചാത്തന്നൂരിലെ ഭയം ഉള്ളിൽ കിടന്ന് തികട്ടുകയാണ്. ജില്ലയിലെ ജനകീയരായ രണ്ട് എം.എൽ.എമാരെയും മാറ്റിനിർത്തി ചടയമംഗലം ഒഴികെ (മന്ത്രി ചിഞ്ചുറാണി) മറ്റിടങ്ങളിൽ പുതുമുഖങ്ങളെയാണ് പരീക്ഷിക്കുന്നത്. ചാത്തന്നൂരിൽ സാമുദായിക സമവാക്യങ്ങളാണ് വിജയം നിശ്ചയിക്കുന്നത്. ഈഴവ, നായർ വോട്ടുകൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മൂന്നു മുന്നണികളിലെ

സ്ഥാനാർഥികളും ഒരേ സമുദായക്കാരാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാൽ, ബി.ജെ.പിയുടെ മുന്നേറ്റം ഒരുപരിധിവരെ പിടിച്ചുനിർത്തിയത് ജി.എസ് ജയലാലാണ്. എന്നാൽ, ജയലാലിനെ വെട്ടി സംസ്ഥാന നേതൃത്വം സ്ഥാനാർഥിയാക്കിയത് ഇടയ്ക്ക് പാർട്ടിയിൽ നിന്ന് പിണങ്ങി സി.എം.പിയിൽ പോയി മടങ്ങിവന്ന രാജേന്ദ്രനെയാണ്.  ഇതിൽ ഒരുവിഭാഗം സി.പി.ഐക്കാർക്ക് എതിർപ്പുണ്ട്. കൂടാതെ കൊല്ലവും ചാത്തന്നൂരും തമ്മിൽ ഡീലും മണക്കുന്നുണ്ട്. പ്രചാരണത്തിൽ ഇത് കാണുന്നുമുണ്ട്. 

അതേസമയം, കഴിഞ്ഞതവണ കോൺഗ്രസിലെ സി.ആർ മഹേഷ് കൈയടക്കിയ കരുനാഗപ്പള്ളി തിരിച്ചുപിടിക്കുക സി.പിഐക്ക് അത്ര എളുപ്പമല്ല. വനിതാ നേതാവ് എം.എസ് താരയെയാണ് ഇവിടെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞതവണ മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീറാണ്. മണ്ഡലം നിലനിർത്തുമെന്ന് സി.പി.ഐ പറയുമ്പോഴും അട്ടിമറി സാധ്യതകളും മുന്നിൽക്കാണുന്നു. പുനലൂരിലും ചടയമംഗലത്തും പാർട്ടിയിലെ ആഭ്യന്തരപ്രശ്നം കെട്ടടങ്ങിയിട്ടില്ല. പുനലൂരിലാകട്ടെ സിറ്റിങ് എം.എൽ.എ പി.എസ് സുപാലിനെ മാറ്റി സി. അജയപ്രസാദിനെ സ്ഥാനാർഥിയാക്കിയതിൽ പ്രാദേശിക ഘടകങ്ങളിൽ തന്നെ എതിർപ്പുയർന്നിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  2 days ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  2 days ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  2 days ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  2 days ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  2 days ago
No Image

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

National
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  2 days ago
No Image

ചോരക്കളമായി ഹോർമുസ്; ഇറാൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസ്; ഗൾഫിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം

International
  •  2 days ago
No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  2 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  2 days ago