മമ്പുറം മഖാം: സാമൂഹ്യദ്രോഹികള്‍ വിളയാട്ടം അവസാനിപ്പിക്കണമെന്ന് സമസ്ത
കോഴിക്കോട്: ജാതിമത ഭേദമന്യേ ജനലക്ഷങ്ങള്‍ ആദരിക്കുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ ഉള്‍പ്പെടെ നിരവധി മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം മഖാമിനു നേരെയുള്ള അതിക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.
17 വര്‍ഷമായി മഖാമിന്റെ നടത്തിപ്പ് മികച്ച രീതിയില്‍ നിര്‍വഹിച്ചുവരുന്ന ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി നിയമാനുസൃതവും തീര്‍ഥാടകരുടെ സൗകര്യത്തിനുതകുന്നതുമായ വിപുലീകരണ പ്രവൃത്തികളാണു നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് ഈയിടെ ആരംഭിച്ച നിര്‍മാണ പ്രവൃത്തി, ദീര്‍ഘകാലമായി പ്രദേശത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ പ്രകോപനപരമായി സംഘടിച്ചെത്തി തടയാന്‍ ശ്രമിച്ചിരുന്നു.
വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നീക്കത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.കെ.ഐ.എം.വി.ബി ജന. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എസ്.എം.എഫ് സെക്രട്ടറി കെ ഉമര്‍ ഫൈസി, എസ്.കെ.ജെ.എം.സി.സി ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."