തൊടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ കെട്ടിയിട്ട് 1.70 ലക്ഷവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
തൊടുപുഴ: തൊടുപുഴ നഗരമധ്യത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് വന്‍കവര്‍ച്ച. 1.70 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും ഒരു ഐപാഡുമാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ന്നത്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ കെ ബാലചന്ദ്രന്റെ വീട്ടില്‍ ഇന്നലെ അര്‍ധരാത്രി 12.45ഓടെയായിരുന്നു കവര്‍ച്ച. തൊടുപുഴയിലെ പ്രകാശ് ഫ്യുവല്‍സ് പെട്രോള്‍ ബങ്ക്, പ്രകാശ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ ഉടമയും തൊടുപുഴയിലെ പ്രമുഖ സ്വകാര്യബസ് കമ്പനിയായിരുന്ന പ്രകാശ് മോട്ടോഴ്‌സ് ഉടമ പരേതനായ പി.കെ കൃഷ്ണന്‍ നായരുടെ മകനുമാണ് ബാലചന്ദ്രന്‍.
സംഭവസമയത്ത് ബാലചന്ദ്രനും ഭാര്യ ശ്രീജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിനിടെ കോളിങ്‌ബെല്‍ കേട്ടാണ് ഇവര്‍ എഴുന്നേറ്റത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ 15 വയസ് പ്രായം തോന്നുന്ന ഒരാള്‍ പുറത്തു നിന്ന് ആംഗ്യഭാഷയില്‍ സഹായം അഭ്യര്‍ഥിക്കുന്നതാണ് കണ്ടത്. അപകടമറിയാതെ കതക് തുറന്നയുടനെ മറഞ്ഞു നിന്ന മറ്റുള്ളവരും ഉള്ളിലേക്ക് ഇരച്ചുകയറി. ഇവരെല്ലാം മുഖംമറച്ചിരുന്നു. ബാലചന്ദ്രന്റെയും ഭാര്യയുടെയും വായില്‍ തുണി തിരുകിക്കയറ്റിയ ശേഷം കൈകാലുകള്‍ കയറും തുണിയും ഇലക്ട്രിക് വയറുകളും ഉപയോഗിച്ച് ബലമായി കെട്ടിയിട്ടു. പിടിവലിയ്ക്കിടെ ബാലചന്ദ്രന്റെ പുറത്ത് കത്തി കൊണ്ട് മുറിവേറ്റു. കൈയ്ക്ക് പ്രതികളിലൊരാളുടെ കടിയുമേറ്റു. തുണി വായില്‍ തിരുകിക്കയറ്റാനുള്ള ശ്രമത്തിനിടെ ശ്രീജയുടെ മുഖത്തും പരുക്കേറ്റു.
ഇവരെ ബന്ധിച്ച ശേഷം പണപ്പൊതി ആവശ്യപ്പെട്ടു. പെട്രോള്‍ ബങ്കിലെ കലക്ഷന്‍ തുകയായ 1,70,000 രൂപ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ബാലചന്ദ്രന് സമീപം രണ്ടുപേര്‍ നിലയുറപ്പിച്ച ശേഷം മറ്റു രണ്ടുപേര്‍ ശ്രീജയെ വലിച്ചിഴച്ച് കൊണ്ടുപോയി പണമടങ്ങിയ പൊതി എടുത്തു. മറ്റെവിടെയെങ്കിലും പണമുണ്ടോയെന്നും തിരക്കി. ശ്രീജയുടെ കൈയില്‍ കിടന്ന ഒരു പവന്‍ വീതമുള്ള രണ്ട് സ്വര്‍ണ്ണ വളകളും ബാലചന്ദ്രന്റെ കഴുത്തിലെ മൂന്നര പവന്റെ സ്വര്‍ണമാലയും ഊരിയെടുത്തു. വീട്ടിലെ ലാന്‍ഡ് ഫോണ്‍ ബന്ധവും വിച്ഛേദിച്ചാണ് കവര്‍ച്ചാസംഘം മടങ്ങിയത്. ഇതിനു ശേഷം ശ്രീജ പ്രയാസപ്പെട്ട ് കാലിലെ കെട്ട് അഴിച്ച് അടുക്കളയില്‍ നിന്നും കത്തിയെടുത്താണ് ബാലചന്ദ്രന്റെ കെട്ടഴിച്ചത്. തുടര്‍ന്ന് കുടുംബസുഹൃത്തിനെയും തറവാട്ടുവീട്ടിലും, പൊലിസിലും വിവരം അറിയിച്ചു. ഇവരെത്തിയാണ് ദമ്പതികളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശിയുള്‍പ്പെടെയുള്ളവരാണ് പാലക്കാട് റെയില്‍വെ പൊലിസിന്റെ സഹായത്തോടെ തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എന്നാല്‍, ഇവര്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഇവരെ തൊടുപുഴയില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."