ദേവീന്ദര്‍ സെഹ്രാവത്തിനെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിലെ ബിജ്‌വാസന്‍ എം.എല്‍.എ ദേവീന്ദര്‍ സെഹ്രാവതിനെ പാര്‍ട്ടി നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബിലെ ആംആദ്മി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതി ദിവസങ്ങള്‍ക്കകമാണ് ദേവീന്ദര്‍ സെഹ്രാവതിനെതിരേ പാര്‍ട്ടി നടപടി. പഞ്ചാബില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ചില നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ദേവീന്ദറിന്റെ പരാതി.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ പുറത്താക്കിയതിന് പിന്നാലെയാണ് പഞ്ചാബിലെ നേതാക്കളുടെ സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് ദേവീന്ദര്‍ പരാതി ഉന്നയിച്ചത്. നാല് ദിവസത്തെ പഞ്ചാബിലെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ക്കും പ്രചാരണത്തിനും ഒടുവില്‍ തിരിച്ചെത്തിയ ശേഷമാണ് കെജ്‌രിവാള്‍ ദേവീന്ദറിനെതിരേ നടപടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആപിന്റെ ഡിസിപ്ലിനറി കമ്മിറ്റിയാണ് ദേവീന്ദര്‍ സെഹ്രാവതിനെ സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി നടപടിയെ ദേവീന്ദര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളുടേയും ലൈംഗിക പീഡനത്തിന്റേയും തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും, റിങ് മാസ്റ്റര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോഴും ഇത്തരം ആളുകളെ സഹായിക്കുകയാണ്. ഇത് അത്തരക്കാരെ വളര്‍ത്തുന്നതിലേക്കാണ് നയിക്കുകയെന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയെത്തിയ മറ്റൊരു ട്വീറ്റില്‍ ധൈര്യമുണ്ടെങ്കില്‍ തന്നെ പുറത്താക്കാനും ദേവീന്ദര്‍ വെല്ലുവിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."