വാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ
കൊല്ലം: പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ കെണിയിലാക്കി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗർ അശ്വതി ഭവനിൽ രഞ്ജിത്ത് (32) ആണ് ഇരവിപുരം പൊലിസിന്റെ പിടിയിലായത്. വാട്സാപ്പ് വഴി പരസ്യം നൽകി വിശ്വസിപ്പിച്ചാണ് ഇയാൾ സിനിമാറ്റിക് രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പ് ഇങ്ങനെ:
സോഷ്യൽ മീഡിയയിൽ പേഴ്സണൽ ലോൺ ശരിയാക്കി നൽകാമെന്ന് പരസ്യം നൽകിയാണ് രഞ്ജിത്ത് തട്ടിപ്പിന് തുടക്കമിട്ടത്. ഇത് കണ്ടു വിളിക്കുന്ന വീട്ടമ്മമാരുടെ വിശ്വാസം ആദ്യം നേടിയെടുക്കും. തുടർന്ന് ആധാർ ഉൾപ്പെടെയുള്ള രേഖകൾ വാട്സാപ്പ് വഴി ആവശ്യപ്പെടും. ഈ രേഖകൾ ഉപയോഗിച്ച് സിബിൽ സ്കോർ പരിശോധിച്ച ശേഷം, ഓരോരുത്തർക്കും എത്ര തുകയുടെ ലോൺ ലഭിക്കുമെന്ന് പ്രതി മനസ്സിലാക്കും.
തുടർന്ന് ലോൺ പാസായെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ കൊല്ലം പള്ളിമുക്കിലെ പ്രമുഖ ഹോം അപ്ലയൻസ് ഷോറൂമുകളിൽ നേരിട്ടെത്തിക്കും. അവിടെ വെച്ച് ഫിനാൻസ് സ്കീം വഴി എസി, ഫ്രിഡ്ജ്, വിലകൂടിയ മൊബൈൽ ഫോണുകൾ തുടങ്ങിയവ ഇവരുടെ പേരിൽ പർച്ചേസ് ചെയ്യിക്കും. എന്തിനാണ് ഈ സാധനങ്ങൾ വാങ്ങുന്നതെന്ന് ചോദിക്കുമ്പോൾ, ഇവ മറിച്ച് വിറ്റാൽ തുക പണമായി അക്കൗണ്ടിലെത്തുമെന്നും, അതാണ് പേഴ്സണൽ ലോൺ ലഭിക്കുന്ന രീതിയെന്നും പറഞ്ഞ് ഇവരെ കബളിപ്പിക്കുകയായിരുന്നു.
സാധനങ്ങൾ വാങ്ങിക്കഴിഞ്ഞാൽ രഞ്ജിത്ത് മുങ്ങും. പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇ.എം.ഐ അടയ്ക്കാത്തതിന്റെ പേരിൽ വീട്ടമ്മമാർക്ക് ഭീഷണിയേറിയ ഫോൺ കോളുകൾ വരുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്.
കൊല്ലം മീനാട്, അഞ്ചൽ എന്നിവിടങ്ങളിലെ വീട്ടമ്മമാർ ഇരവിപുരം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്ന പ്രതിയെ, തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പൊലിസ് പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച ഫോണും സിം കാർഡുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ഇരവിപുരം പൊലിസ് ഇൻസ്പെക്ടർ പ്രദീപ് ജെ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. രഞ്ജിത്തിന് തട്ടിപ്പിൽ മറ്റാരെങ്കിലും കൂട്ടുപ്രതികളുണ്ടോയെന്നും, സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടോയെന്നും പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇത്തരം തട്ടിപ്പുകളിൽ ജനം ജാഗ്രത പാലിക്കണമെന്നും, വ്യക്തിവിവരങ്ങൾ അപരിചിതർക്ക് പങ്കുവെക്കരുതെന്നും പൊലിസ് മുന്നറിയിപ്പ് നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."