തലശ്ശേരിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ; എം-സാൻഡും കല്ലും നിറച്ച 'ഡമ്മികൾ' എന്ന് ബോംബ് സ്ക്വാഡ്
കണ്ണൂർ: തലശ്ശേരി കൊളവല്ലൂരിൽ കണ്ടെത്തിയത് ബോംബ് ശേഖരമല്ലെന്ന് സ്ഥിരീകരണം. സ്ഫോടകശേഷിയില്ലാത്ത വെറും ഡമ്മികളാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാൻഡും കല്ലുകളും ചേർത്ത് ബോംബിന്റെ ആകൃതിയിൽ നിർമ്മിച്ചവയായിരുന്നു ഇവയെന്നും നാട്ടുകാരിൽ ഭീതി പരത്താനുള്ള ശ്രമമാണ് നടന്നതെന്നും പൊലിസ് അറിയിച്ചു.
അഞ്ച് ഐസ്‌ക്രീം ബോംബുകളുടെയും ഒരു നാടൻ ബോംബിന്റെയും ആകൃതിയിലുള്ള വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്. തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പാനൂരിലും വടകരയിലും ബോംബ് ശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് തലശ്ശേരിയിലും സമാനമായ രീതിയിൽ വസ്തുക്കൾ കണ്ടെത്തിയത്. പാനൂർ പന്ന്യന്നൂർ ചിത്രവയലിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ട് ബോംബും പൊലിസ് കണ്ടെടുത്തിരുന്നു. അതേസമയം വടകര ചാനിയം കടവിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്റ്റീൽ പാത്രങ്ങളിൽ മണ്ണ് നിറച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സാമൂഹ്യവിരുദ്ധർ ശ്രമിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കുമെന്നും വ്യാജ ബോംബുകൾ നിർമ്മിച്ച് പരിഭ്രാന്തി പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Police and the bomb squad in Thalassery discovered several objects that initially appeared to be explosives but were later identified as fake bombs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."