തിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്
ന്യൂഡൽഹി: പ്രഭാതഭക്ഷണം വെറും വയറുനിറയ്ക്കാനുള്ളതല്ല. അത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. നാം നിത്യവും കഴിക്കുന്ന വിഭവങ്ങൾ ചർമ്മത്തിന് എത്രത്തോളം ഗുണകരമാണെന്ന് വിലയിരുത്തുകയാണ് പ്രമുഖ ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. അങ്കുർ സരിൻ. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ, ഓരോ പ്രഭാതഭക്ഷണത്തിനും ചർമ്മത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി മാർക്കുകളും അദ്ദേഹം നൽകുന്നുണ്ട്.
മുഖക്കുരു, വരൾച്ച, മങ്ങൽ എന്നിവ ഒഴിവാക്കി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
1. ഇഡ്ഡലി-സാമ്പാർ: റേറ്റിംഗ് - 8/10
പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇഡ്ഡലിയും സാമ്പാറും. പുളിപ്പിച്ച മാവ് ഉപയോഗിച്ചുണ്ടാക്കുന്ന ഇഡ്ഡലി കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. സാമ്പാറിലെ പച്ചക്കറികളും പരിപ്പും പ്രോട്ടീനും വിറ്റാമിനുകളും നൽകുന്നു. വ്യക്തമായ ചർമ്മത്തിന് ഇത് മികച്ച തിരഞ്ഞെടുപ്പാണ്.
2. മസാല ഓംലെറ്റ്: റേറ്റിംഗ് - 8/10
ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയ മുട്ട, ചർമ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ഇതിലേക്ക് ചേർക്കുന്ന പച്ചക്കറികൾ വീക്കം (Inflammation) കുറയ്ക്കാനും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
3. ആലു പൊറോട്ട: റേറ്റിംഗ് - 6/10
മൈദയും അമിതമായ എണ്ണയും ചേർക്കുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. മൈദയ്ക്ക് പകരം ഗോതമ്പ് പൊടിയും, എണ്ണ കുറച്ച് തൈരിനൊപ്പം കഴിക്കുകയും ചെയ്താൽ ആലു പൊറോട്ട കുറച്ചുകൂടി ആരോഗ്യകരമാക്കാം.
4. ഫ്രഷ് ജ്യൂസ്: റേറ്റിംഗ് - 4/10
പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് ജ്യൂസിനേക്കാൾ നല്ലതെന്നാണ് ഡോക്ടറുടെ പക്ഷം. ജ്യൂസിൽ നാരുകൾ (Fiber) കുറവായതിനാലും പഞ്ചസാരയുടെ അളവ് കൂടുതലായതിനാലും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ കാരണമാകും.
5. മസാല ചായ: റേറ്റിംഗ് - 1/10
പ്രഭാതഭക്ഷണ പട്ടികയിൽ ഏറ്റവും പിന്നിൽ മസാല ചായയാണ്. പാലുൽപ്പന്നങ്ങളും പഞ്ചസാരയും ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയെ ബാധിക്കുമെന്നതിനാലാണ് ഈ താഴ്ന്ന റേറ്റിംഗ് നൽകിയിട്ടുള്ളത്.
നാരുകളും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റാൻ കഴിയുമെന്ന് ഡോ. സരിൻ ഓർമ്മിപ്പിക്കുന്നു.
Dermatologist Dr. Ankur Sarin evaluates popular Indian breakfasts based on their impact on skin health. He highlights that while protein-rich options like masala omelettes and gut-friendly idli-sambar promote a clear complexion, high-sugar tea and starchy sabudana can trigger acne and dullness. Making mindful morning choices is key to achieving a healthy, radiant glow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."