വരനേയും കൊണ്ട് അസമയത്തു കറങ്ങിയ യുവാക്കളെ പൊലിസ് പിടികൂടി
കാസര്‍കോട്: വിവാഹദിവസം വരനേയും കൊണ്ട് അസമയത്തു കറങ്ങിയ യുവാക്കളെ പൊലിസ് പിടികൂടി. ഉപ്പള സ്വദേശിയായ വരനേയും കൊണ്ട് മൂന്നു കാറുകളിലായി കറങ്ങിയ 13 യുവാക്കളെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു പൊലിസ് പിടികൂടിയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം രാത്രി വധുവിന്റെ വീട്ടിലേക്കു പോവുകയായിരുന്ന വരനേയും കൊണ്ടാണ് ഉപ്പളയില്‍ നിന്നു 25 കിലോമീറ്റര്‍ അകലെയുള്ള കാസര്‍കോട് നഗരത്തില്‍ സംഘം കറങ്ങിയത്.
ഉപ്പള സ്വദേശിയായ വരന്‍ ഇര്‍ഷാദിനെ സുഹൃത്തുക്കളായ മൊയ്തീന്‍(24), ബദറുദ്ദീന്‍(32), നാസര്‍(28), മുഹമ്മദ്കുഞ്ഞി കല്ലറയില്‍(22), ഫയാസ്(25), മുഹമ്മദ് അഷറഫ്(42), നൗഷാദ്(23), മുഹമ്മദ് മുഷാറത്ത്(29),ഹമീദ് (24),അബ്ദുല്‍ സമീര്‍(27), സല്‍സൂര്‍ അലി(22), അബ്ദുല്‍ ലത്തീഫ്(32), അബ്ദുല്‍ ജംഷാദ്(23) എന്നിവര്‍ ചേര്‍ന്നാണ് പുലര്‍ച്ചെ വരെ വധുവിന്റെ വീട്ടില്‍ കൊണ്ടുപോകാതെ പല സ്ഥലത്തും കൊണ്ട് പോയി വട്ടം കറക്കിയത്.
പുത്തന്‍ ഡെസ്റ്റര്‍, സ്വിഫ്റ്റ്, ആള്‍ട്ടോ കാറുകളില്‍ സംഘം നഗരത്തില്‍ കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ പൊക്കിയത്. പൊലിസ് ചോദ്യം ചെയ്തതോടെ തങ്ങള്‍ വധുവിന്റെ വീട്ടിലേക്കു വരനെ കൊണ്ടു പോകുന്ന സുഹൃത്തുക്കളാണെന്ന് ഇവര്‍ അറിയിച്ചെങ്കിലും ഇത് പൊലിസ് മുഖവിലക്കെടുത്തില്ല.
വരന്റെ വീട്ടില്‍ നിന്നു തങ്ങള്‍ക്കു ഭക്ഷണം നല്‍കാത്തതിനാല്‍ വരനെ കാസര്‍കോട്ടെ ഹോട്ടലിലേക്ക് കൊണ്ടു വരുകയായിരുന്നുവെന്നു യുവാക്കള്‍ പൊലിസിനോട് വിശദീകരിച്ചതോടെ പൊലിസ് വരനെതിരേ തിരിയുകയും ചെയ്തു. എന്നാല്‍ തന്റെ വീട്ടിലും വധുവിന്റ വീട്ടിലും സുഹൃത്തുക്കള്‍ക്കു ഭക്ഷണം ഒരുക്കിയിരുന്നുവെന്നും അതു വേണ്ടെന്നു പറഞ്ഞു തന്നെ പിടിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുവന്നതാണെന്നും വരന്‍ പൊലിസിനോട് തുറന്നു പറഞ്ഞതോടെ യുവാക്കളെ കൊണ്ട് വരനോട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഡസ്റ്റര്‍ കാര്‍ വരനു നല്‍കി പൊലിസ് വധുവിന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു. യുവാക്കളെ സ്റ്റേഷനിലേക്കും കൊണ്ടു പോയി.
പിന്നീട് ഇവര്‍ക്കെതിരേ പെറ്റികേസ് രജിസ്റ്റര്‍ ചെയ്ത് താക്കീതു ചെയ്തു വിട്ടയക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇനി ഇത്തരം സംഭവങ്ങള്‍ തങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നു യുവാക്കളില്‍ നിന്നു പൊലിസ് എഴുതി വാങ്ങിക്കുകയും ചെയ്തു.
ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായതായും ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."