സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ് ഒഴിവാകുന്നു
കാസര്‍കോട്: ജില്ലയില്‍ അഞ്ചു സ്‌കൂളുകളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ് ഒഴിവാകുന്നു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതി പ്രകാരം ഹൈസ്‌കൂളായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ സ്‌കൂളുകളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു ലഭിച്ചു കൊണ്ടിരുന്ന സ്‌കോളര്‍ഷിപ് ഈ വര്‍ഷം മുതല്‍ നഷ്ടമാകുന്നത്. ജില്ലയിലെ പെര്‍ഡാല, ഉദ്യാവാര്‍, കടമ്പാര്‍, മൂഡംബയല്‍, സൂരംബയല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതില്‍ ഒഴിവാകുന്നത്.
പദ്ധതി പ്രകാരം ഈ സ്‌കൂളുകള്‍ ജനറലായി മാറിയതോടെ ജി.എച്ച്.എസ് എന്ന പേരില്‍ ഇവ മാറിയിരിക്കുകയാണ്. ഒന്നു മുതല്‍ ഏഴുവരെ ജി.ബി.യു.പി സ്‌കൂള്‍ എന്ന പേരിലാണു നിലവിലുണ്ടായിരുന്നത്. എന്നാല്‍ ആ പേര് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പു നല്‍കുന്ന വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി ജി.എച്ച്.എസ് പെര്‍ഡാല എന്നാണ് വെബ് സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. എട്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ മാത്രമാണ് സ്‌കോളര്‍ഷിപ് അനുവദിക്കുന്നതിനുള്ള വെബ്‌സൈറ്റില്‍ ഉള്ളത്. ഇതോടെ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ സൈറ്റില്‍ ചേര്‍ക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു.
നേരത്തെ സ്‌കൂളുകളില്‍ നിന്നാണ് വെബ്‌സൈറ്റിലേക്ക് അപേക്ഷ ഒന്നിച്ചു ചേര്‍ത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപേക്ഷകര്‍ സ്വന്തം നിലയ്ക്ക് അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. സ്‌കോളര്‍ഷിപ് അപേക്ഷ നല്‍കേണ്ട അവസാന തിയതി ഈമാസം 30 ആണ്.
എന്നാല്‍ പെര്‍ഡാല ജി.ബി.യു.പി സ്‌കൂള്‍ അധികൃതര്‍ക്ക് ഇത് ഹൈസ്‌കൂളായി ഉയര്‍ത്തിയ യാതൊരു അറിയിപ്പും ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഇതുവരെ ഒന്നുമുതല്‍ ഏഴുവരെ ജി.ബി.യു.പി സ്‌കൂളും എട്ടു മുതല്‍ പത്തു വരെ ഹൈസ്‌കൂളും ആയിരുന്നു. ഒന്നു മുതല്‍ 10 വരെ ഇതിനെ ഒറ്റ സ്‌കൂളാക്കി ഇപ്പോള്‍ മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. യു.പി ഹൈസ്‌കൂള്‍ വിഭാഗത്തിലായി ഇവിടെ രണ്ട് പ്രധാനധ്യാപകര്‍ നിലവിലുണ്ട്. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ ഒരു പ്രധനധ്യാപകന്റെ കീഴിലാകും സ്‌കൂളിന്റെ പ്രവര്‍ത്തനം. 700 ഓളം കുട്ടികള്‍ പഠനം നടത്തുന്ന ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതിലെ തടസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ഇതു കൈകാര്യം ചെയ്യുന്ന ഡി.പി.ഐ, ഡി,ഡി,ഇ, ഐടി @ സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്ക് രേഖാമൂലവും മറ്റും ഒട്ടനവധി തവണ പരാതി നല്‍കിയെങ്കിലും ഇത് പരിഹരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."