ലത്തീഫിന്റെ മരണം, പൊലിസിനു വീഴ്ചയുണ്ടായി: അനില്‍കുമാര്‍ എംഎല്‍എ
വണ്ടൂര്‍: സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനെത്തിയയാള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലിസിനു വീഴ്ചയുണ്ടായതായി എ.പി അനില്‍കുമാര്‍ എംഎല്‍എ. പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിക്കുന്നിലെ പൊട്ടക്കുന്ന് പാലക്കാതൊണ്ടി അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്.
വൈകീട്ട് നാലരയോടെ എത്തിയ അദ്ദേഹം ഒരു മണിക്കൂറിലേറെ സമയം വീട്ടില്‍ ചെലവഴിച്ചു. ലത്തീഫിനെ പൊലിസുകാര്‍ കൊലപ്പെടുത്തിയതാണെന്നു ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ എംഎല്‍എയോടു പറഞ്ഞു. ലത്തീഫിനെ അന്വേഷിച്ചു വീട്ടിലെത്തിയ പൊലിസ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല തവണയായി ലത്തീഫിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നതായും ഭാര്യ ഫൗസിയ പറഞ്ഞു.
ശനിയാഴ്ച്ച രാവിലെ പതിനൊന്നിന് ഉടന്‍ തിരിച്ചെത്താമെന്നു പറഞ്ഞ് ലോറിയുടെ രേഖകളുമെല്ലാമായി സ്‌റ്റേഷനിലേക്കു പോയതാണെന്നും പൊലിസുകാര്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ എംഎല്‍എയോടു പറഞ്ഞു. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ മുപ്പതിനായിരം രൂപ ഉപ്പയുടെ കൈയിലുണ്ടായിരുന്നുവെന്നും മരണത്തിനു ശേഷം ഇതു കാണാതായതായും മകന്‍ ഫായിസ് പറഞ്ഞു. ലത്തീഫ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മറ്റു തൊണ്ടി മുതലുകള്‍ക്കൊപ്പം കാണാത്തതു ദുരൂഹതയുണര്‍ത്തുന്നുന്നതായും മൃതദേഹത്തില്‍ അടിവയറ്റില്‍ ഇടതു ഭാഗത്തായി നീല നിറത്തില്‍ പാടുകണ്ടതു പൊലിസ് മര്‍ദ്ദനത്തിന്റെ തെളിവാണെന്നും മകന്‍ പറഞ്ഞു.
ലത്തീഫിന്റെ സഹായിയായിരുന്ന ചന്തക്കുന്നുള്ള ലോറി ഡ്രൈവറുടെയും സ്റ്റേഷനിലെ ചില പൊലിസുകാരുടേയും പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും മരിച്ചതിനു ശേഷം രണ്ടു പൊലിസുകാര്‍ പള്ളിക്കുന്നിലുള്ള ഫ്‌ളോര്‍ മില്ലിലെത്തി ലത്തീഫിനെ ഇവിടെ വെച്ച് അറസ്റ്റു ചെയ്തതിനു സാക്ഷിയായി ഒപ്പിടണമെന്നു മില്ലുടമയെ നിര്‍ബന്ധിച്ചതായും ഫായിസ് പറഞ്ഞു. ഡി.സി.സി വൈസ്പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍, മണ്ഡലം പ്രസിഡന്റ് സി.മുത്തു, ശരീഫ് തുറക്കല്‍ എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."