ഓണത്തിലും വര്‍ഗീയത കണ്ടത്തുന്നു: വി.എസ് സുനില്‍കുമാര്‍
കൂര്‍ക്കഞ്ചേരി: മഹാബലിയെ വീണ്ടും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഓണത്തെ പോലും മതപരമായ ഒരു ചടങ്ങാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഭക്ത പരിപാലന യോഗം സംഘടിപ്പിച്ച 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജാതിയുടെ പേരില്‍ കൊലപാതകം വരെ നടക്കുന്ന ഈ കാലഘട്ടത്തില്‍ 'നമുക്കു ജാതിയില്ല' എന്ന ഗുരുദേവന്റെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. ഗുരുദേവന്റെ ജന്മദിനം ആഘോഷിക്കുകയെന്നതിനപ്പുറത്ത് അദ്ദേഹത്തിന്റെ വലിയ സന്ദേശങ്ങള്‍ ഒരു സാമൂഹിക പ്രവര്‍ത്തനമായി ഏറ്റെടുക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
എം.കെ സൂര്യപ്രകാശ് അധ്യക്ഷനായി. കോര്പ്പറേഷന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിതാ വിജയന്, കൗണ്‍സിലര്‍ പി.കെ ജ്യോതിലക്ഷ്മി, ഡോ. ടി.കെ വിജയരാഘവന്, സെക്രട്ടറി എ.കെ മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജീവന് രക്ഷാപ്രവര്‍ത്തനം നടത്തിയ സഹോദരിമാരായ മീര രാജു, ഹീര രാജു തുടങ്ങിയവരെ മന്ത്രി ആദരിച്ചു. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."