"മാതാപിതാക്കൾ കുട്ടികൾക്ക് വഴികാട്ടിയാകണം"; കലയും മാതൃത്വവും ബിസിനസും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം; മനസ്സ് തുറന്ന് ഷഫീന യൂസഫലി
അബുദാബി: കോർപ്പറേറ്റ് ലോകത്തിന്റെ തിരക്കുകളിൽ നിന്നും കലയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ലോകത്തേക്ക് ചുവടുവെച്ച തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് റിസ്ക് ആർട്ട് ഇനിഷ്യേറ്റീവ് (Rizq Art Initiative) എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫലി. ഖലീജ് ടൈംസ് തങ്ങളുടെ 'ഗ്ലോബൽ ഇൻഡ്യൻസ് ഓഫ് ദി യുഎഇ' പരമ്പരയുടെ ഭാഗമായി പുറത്തിറക്കിയ ആദ്യ വോഡ്കാസ്റ്റിലാണ് (Vodcast) യുഎഇയിലെ പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ മകളും പ്രവാസി വ്യവസായി അദീബ് അഹമ്മദിന്റെ ഭാര്യയുമായ ഷഫീന മനസ്സ് തുറന്നത്.
ഭക്ഷണ-പാനീയ (F&B) മേഖലയിലെ വിജയകരമായ ബിസിനസ്സ് കരിയറിൽ നിന്ന് മാറി, അധികമാരും അറിയപ്പെടാത്ത കലാകാരന്മാർക്ക് ആഗോളതലത്തിൽ വേദി ഒരുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനെക്കുറിച്ച് അവർ സംസാരിച്ചു. കേവലം ബിസിനസ്സ് വിജയങ്ങൾക്കപ്പുറം കലയിലൂടെ എങ്ങനെയാണ് ജീവിതത്തിൽ പുതിയൊരു അർത്ഥം കണ്ടെത്തിയതെന്നും അവർ വ്യക്തമാക്കുന്നു.
"സാധാരണ ബിസിനസ്സുകളിൽ നിങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. എന്നാൽ കലയിലേക്ക് വരുമ്പോൾ നമ്മൾ രണ്ടാമതാകുന്നു. കലാകാരന്മാരുടെ വിജയത്തിലാണ് നമ്മൾ സന്തോഷം കണ്ടെത്തുന്നത്," ഷഫീന പറഞ്ഞു.
മാതൃത്വം, വ്യക്തിത്വം, സാമൂഹികമായ ആശങ്കകളെ മറികടക്കൽ, കുട്ടികളെ വളർത്തുന്നതിലെ തന്റെ കാഴ്ചപ്പാടുകൾ എന്നിവയും അവർ പങ്കുവെച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് മുന്നിൽ ഒരു 'തടസ്സമല്ല, മറിച്ച് വഴികാട്ടിയാകണം' എന്നാണ് തന്റെ നിലപാടെന്ന് അവർ ഓർമ്മിപ്പിച്ചു. അബുദാബിയെ കലാകാരന്മാർക്കായുള്ള മികച്ചൊരു അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ വലിയ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
യുഎഇയിൽ നിന്ന് ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ നേതാക്കളെ പരിചയപ്പെടുത്തുന്നതാണ് 'ഗ്ലോബൽ ഇൻഡ്യൻസ് ഓഫ് ദി യുഎഇ' എന്ന പ്രോഗ്രാം. ഇതിന്റെ ആദ്യ ഭാഗമായ 'വിമൻ ഓൺ ദി റൈസ്' എന്ന വിഭാഗത്തിലാണ് ഷഫീനയുടെ അഭിമുഖം ഉൾപ്പെടുത്തിയിരിക്കുന്നത്.
English Summary: Shafeena Yusuff Ali, Executive Director of the Rizq Art Initiative, was featured in the inaugural vodcast of Khaleej Times’ "Global Indians of the UAE" franchise, launched in partnership with Standard Chartered.
Armed with three master's degrees and extensive corporate experience, Shafeena transitioned from the high-pressure food and beverage (F&B) sector to the art and social impact space.
She emphasized that unlike traditional entrepreneurship where the business leader is central, the art world requires stepping back to let the creators and their work take center stage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."