വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍
നെയ്യാറ്റിന്‍കര: വീട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചാരായം വാറ്റ് നടത്തി വന്ന യുവാവിനെ നെയ്യാറ്റിന്‍കര എക്സൈസ് സംഘം പിടികൂടി.
കീഴാറൂര്‍ തെളളുക്കുഴി പളളം ഷൈലജാ മന്ദിരത്തില്‍ ദാസന്റെ മകന് ജോളി എന്നു വിളിയ്ക്കുന്ന ഷിബു (31) ആണ് പിടിയിലായത്. വീട്ടില്‍ വച്ച് ചാരായം വാറ്റുന്നതിനിടയില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജാസിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഷിബു പിടിയിലായത്.
ഇയാളുടെ വീട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായം, 465 ലിറ്റര്‍ കോട, പ്ലാസ്റ്റിക് സമോവര്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ് എന്നിവയും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഓണം പ്രമാണിച്ച് വിവിധ പ്രദേശങ്ങളില്‍ ആവശ്യാനുസരണം ചാരായം എത്തിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. വീട്ടില്‍ വച്ച് ആധുനീക സജ്ജീകരണങ്ങളോടുകൂടി വ്യാവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടത്. മറ്റുളള പ്രതികളെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍.ഷിബു, ഗ്രേഡ്.എസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്.മോഹന്‍രാജ്, പ്രിവന്റീവ് ഓഫിസര്‍ ഡി.കെ ജസ്റ്റിന്‍രാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഹരികുമാര്‍, സുബാഷ്കുമാര്, കെ.ജെ ജയകൃഷ്ണന്, അനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."