ചികിത്സാപിഴവ്; നവജാത ശിശു മരിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം നവജാത ശിശു മരിച്ചതായി ആരോപണം. കോട്ടത്തറ കുന്നത്തുവീട്ടില്‍ സുനിലിന്റെ ഭാര്യ പ്രിന്‍സി (28)ക്ക് ജനിച്ച നവജാതശിശുവാണ് മരിച്ചത്. പ്രിന്‍സിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.
എന്നാല്‍ ചൊവ്വാഴ്ച രാവിലെയായിട്ടും സ്വാഭാവികമായി വേദന വരാത്തതിനാല്‍ മരുന്നു നല്‍കി ലേബര്‍ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ രാത്രി 10 മണിയാകുന്നത് വരെ, ഏകദേശം 13 മണിക്കൂര്‍ യാതൊരു വിവരങ്ങളും തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി പത്തരയോടെ പ്രിന്‍സിയുടെയും കുട്ടിയുടെയും സ്ഥിതി മോശമാണെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നാലുകിലോയിലധികം തൂക്കമുണ്ടായിരുന്നിട്ടും സ്വാഭാവിക പ്രസവത്തിനായി കാത്തിരുന്നതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നും യഥാസമയം യാതൊരു വിവരങ്ങളും തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഓപ്പറേഷന്‍ ചെയ്ത് കുട്ടിയെ പുറത്തെടുക്കാനുള്ള പണമടക്കം കരുതി പുറത്തുകാത്തിരിക്കുകയായിരുന്നുവെന്നും പ്രിന്‍സിയുടെ ഭര്‍ത്താവ് സുനില്‍ പറഞ്ഞു. സംഭവത്തിന് ശേഷം ആശുപത്രിയില്‍ നേരിയ രീതിയില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു.
നില വഷളായതോടെ ആശുപത്രി അധികൃതര്‍ സ്വന്തം ചെലവില്‍ പ്രിന്‍സിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു. യഥാസമയം ചികിത്സ നടത്തിയാല്‍ കുട്ടി മരിക്കുകയില്ലായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടേയും പിഴവാണ് മരണകാരണമെന്നും കാണിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലിസില്‍ പരാതി നല്‍കി.
ആശുപത്രിക്കെതിരേയും ഡോക്ടര്‍ക്കെതിരേയും നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനെയും ആരോഗ്യമന്ത്രിയെയും സമീപിക്കാനൊരുങ്ങുകയാണ് സുനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."