ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 19-കാരിയായ പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലിസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്നാണ് കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് പൊലിസ് എഫ്.ഐ.ആറിൽ (FIR) വ്യക്തമാക്കുന്നു. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിൽ; ഒടുവിൽ ശുചിമുറിയിൽ പ്രസവം
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പത്തൊൻപതുകാരി മാതാപിതാക്കൾക്കൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കിടെ പെൺകുട്ടി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും യുവതിയും കുടുംബവും ഇത് പൂർണ്ണമായും നിഷേധിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ, പുലർച്ചെയോടെ യുവതി ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു. പ്രസവിച്ചയുടൻ കുഞ്ഞിന്റെ പൊക്കിൾകൊടി സ്വയം കൈകൊണ്ട് മുറിച്ചുമാറ്റിയ ശേഷം ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരക്കുഞ്ഞിനെ പുറത്തുനിന്നും കണ്ടെത്തി രക്ഷപ്പെടുത്തിയത്.
മകൾ ഗർഭിണിയായ വിവരം മാതാപിതാക്കൾ അറിഞ്ഞില്ല; കാമുകനിൽ നിന്നെന്ന് മൊഴി
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി അവധി ദിവസങ്ങളിലാണ് നാട്ടിലെ വീട്ടിൽ എത്താറുള്ളത്. അതുകൊണ്ടുതന്നെ മകൾ ഗർഭിണിയായ വിവരം അച്ഛനും അമ്മയ്ക്കും അറിവുണ്ടായിരുന്നില്ല.
താൻ കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും എന്നാൽ പിന്നീട് കാമുകനുമായി അകലുകയായിരുന്നു എന്നും പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിച്ചാൽ കേസ്
ഹരിപ്പാട് പൊലിസ് പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ നിന്നും രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."