കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്
നാഗ്പൂര്‍: പ്രണയത്തിനായി ഏത് അതിരുകളും ലംഘിക്കാന്‍ മടിക്കാത്ത കൗമാരക്കാരുടെ വിചിത്രമായ ഒരു മോഷണ വിവരമാണ് നാഗ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. തങ്ങളുടെ കാമുകിമാര്‍ക്ക് വിലകൂടിയ ഐഫോണുകള്‍ സമ്മാനമായി നല്‍കാനുള്ള പണത്തിന് വേണ്ടിയാണ് മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് വന്‍ മോഷണം നടത്തിയത്. ഒരു വെയര്‍ഹൗസില്‍ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകളും സാനിറ്ററി ഉല്‍പ്പന്നങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. എന്നാല്‍, ലക്ഷങ്ങള്‍ വിലയുള്ള ഈ സാധനങ്ങള്‍ വെറും 20,000 രൂപയ്ക്കാണ് ഇവര്‍ നാട്ടിലെ ഒരു ആക്രി വ്യാപാരിക്ക് വിറ്റഴിച്ചത്.
'രാഹുല്‍ സെറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുല്‍ ജയ്ചന്ദ് ബത്ര നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. മെയ് 27, 28 തീയതികളില്‍ രാത്രി വെയര്‍ഹൗസിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ പൊളിച്ചാണ് കള്ളന്മാര്‍ ഉള്ളില്‍ കടന്നത്. പരാതി ലഭിച്ചയുടന്‍ പ്രത്യേക സംഘം രൂപീകരിച്ച് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ മുപ്പത്തിയഞ്ചോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളെ വലയിലാക്കിയത്.
പിടിയിലായ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ചോദ്യം ചെയ്യലിലാണ് കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാനാണ് ഈ കൊള്ള നടത്തിയതെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചത്. പരാതി ലഭിച്ച് കൃത്യം 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതായി കലാംന സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. മോഷണം പോയ ലക്ഷ്വറി സാനിറ്ററി സാധനങ്ങള്‍ പൊലിസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെയുള്ള തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
In a bizarre incident in Nagpur, three youths, including two minors, were arrested for stealing luxury designer taps worth ₹6.5 lakh from a warehouse to fund iPhone gifts for their girlfriends, only to sell the loot to a scrap dealer for a mere ₹20,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."