ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി
കൊച്ചി: കരിമണല്‍ ഖനന കമ്പനിയായ സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ സ്റ്റേ ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയും അഞ്ച് ഉദ്യോഗസ്ഥരും നല്‍കിയ ഹരജി കോടതി തള്ളി. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇ.ഡി അന്വേഷണം നിയപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എ.ഐ.ആര്‍ ഇടാതേയും അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇ.ഡി മേധാവി രാഹുല്‍ നവീന്‍ കൊച്ചിയില്‍ എത്തി. രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ രാവിലെ 10ന് കൊച്ചിയില്‍ വെച്ച് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള തുടര്‍നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയില്‍ അടിയന്തര സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മുഴുവന്‍ വിവരങ്ങളും കേട്ട ശേഷം വാദം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടതില്ലയെന്നും കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള കേസായതിനാല്‍ ഇനി വൈകിപ്പിക്കേണ്ട ആവശ്യമില്ലായെന്നായിരുന്നു കോടതി നിരീക്ഷണം.
ജൂണ്‍ ഒന്നിന് കേസ് പരിഗണിച്ച ശേഷമാണ് വിധി പറച്ചില്‍ ഇന്നത്തേക്ക് (വെള്ളി) മാറ്റിയത്.
2026 മെയ് 26ന് കമ്പനി ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് നേരത്തെ കോടതി കര്‍ശനമായി ഉത്തരവിട്ടിരുന്നു. ഇ.ഡിയുടെ അന്വേഷണത്തെയും സമന്‍സിനെയും ചോദ്യം ചെയ്ത് സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച ഹരജി പൂര്‍ണമായും തള്ളിയ ശേഷമായിരുന്നു ഉത്തരവ്. പിന്നാലെ, മെയ് 27ന് രാവിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."