ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍. 49കാരിയായ ദേവോസ്മിത പോളിനെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപികയെ കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ശിവാജി കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു ദേവോസ്മിത. അപാര്‍ട്ട്‌മെന്റിലെ ഫളാറ്റില്‍ ഒറ്റക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. നിരവധി തവണ വിളിച്ചിട്ടും ഇവര്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ ബന്ധുക്കളാണ് ആദ്യം വിവരമറിയുന്നത്. ബെല്ലടിച്ചിട്ടും തുറക്കാത്തതിന് പിന്നാലെ വാതില്‍ തകര്‍ത്ത് കയറുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
സഹോദരി ദേവരതി പോള്‍ ആണ് പൊലിസിനെ വിവരം അറിയിച്ചത്. രാവിലെ മുതല്‍ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും സഹോദരി പൊലിസിനോട് പറഞ്ഞു.
തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. പൊലിസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്ലാറ്റില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഒന്നിലധികം സംഘങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ലാല്‍ ബഹാദൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം മനസ്സിലാവുകയുള്ളൂ എന്നും പൊലിസ് വ്യക്തമാക്കി.
അതിനിടെ, അധ്യാപികയുടെ മരണത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. അധ്യാപിക കൊല്ലപ്പെട്ടതാണെന്ന് ആം ആദ്മി എം.എല്‍.എ കുല്‍ദീപ് കുമാര്‍ പറഞ്ഞു. യുവതിയുടെ തലക്ക് ഒന്നിലധികം പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
delhi university assistant professor devosmita paul was found dead in her flat in east delhi. police suspect murder and have launched an investigation into the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."