കളിയാട്ടമുക്കില്‍ സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
തിരൂരങ്ങാടി: ഓണാഘോഷപരിപാടിയിലെ വാക്കുതര്‍ക്കം ആര്.എസ്.എസ്, സി.പി.എം സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. രണ്ടുബൈക്കുകള്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി മൂന്നിയൂര്‍ കളിയാട്ടമുക്കു കൊല്ലംപുറായയിലാണു സംഭവം. സംഘര്‍ഷത്തില്‍ സിപിഎം മൂന്നിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കളിയാട്ടമുക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ ചോയിമഠത്തില്‍ ദേവരാജന്‍, ബ്രാഞ്ചംഗങ്ങളായ ചെമ്പന്‍ അബ്ദുല്‍ കരീം, ചോയിമഠത്തില്‍ വിനോദ്കുമാര്‍ പ്രവര്‍ത്തകരായ എടശ്ശേരി ഷാജഹാന്, തോട്ടശ്ശേരി അയ്യപ്പന്, ആര്.എസ്.എസ് പ്രവര്‍ത്തകരായ ചന്ദ്രന് കുമ്പങ്ങോട് (60), പ്രശാന്ത് കൃഷ്ണ (23), ജിഷ്ണു ചേനിയാട്ട് തുടങ്ങിയവര്‍ക്കാണു പരുക്കേറ്റത്.
ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലംപുറായയില് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വടംവലി മത്സരത്തിലുണ്ടായ വാക്കുതര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വടംവലി മത്സരത്തിലേക്കു പ്രദേശത്തെ യുവതരംഗം ക്ലബ്ബിന്റെ പ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു. മത്സരത്തിനിടെയുണ്ടായ തര്‍ക്കം പിന്നീടു തിരൂരങ്ങാടി പൊലിസിന്റെ സാന്നിധ്യത്തില്‍ പരിഹരിച്ചിരുന്നു.
എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ വടക്കുംപാട്ട് അനീഷിന്റെ ആക്ടീവ ബൈക്ക് കത്തിനശിക്കുകയും സുഹൃത്ത് കരിപറമ്പത്ത് ജിനീഷിന്റെ പള്‍സര്‍ ബൈക്ക് മുന്‍ഭാഗം അടിച്ചു തകര്‍ത്ത നിലയിലും കാണപ്പെട്ടു. തിരൂരങ്ങാടി പൊലിസും മലപ്പുറത്തു നിന്നെത്തിയ വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരും കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയായിരുന്നെന്നു സിപിഎം പ്രവര്‍ത്തകരും ആരോപിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തു പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."