ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു
പാലക്കാട്: സര്‍വീസ് പൂര്‍ത്തിയാക്കി ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അജ്ഞാതന്‍ മോഷ്ടിച്ചു. പാലക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് ഞായറാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ നോക്കിനില്‍ക്കെ ഒരാള്‍ ഓടിച്ചുകൊണ്ടുപോയത്. പിന്നീട് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ ബസ് കണ്ടെത്തി.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് 'ആര്‍.എന്‍.ഇ. 857' നമ്പര്‍ ബസ് സര്‍വീസ് പൂര്‍ത്തിയാക്കി പാലക്കാട് ഡിപ്പോയിലെത്തിയത്. പതിവ് പരിശോധനകള്‍ക്കായി മെക്കാനിക്കല്‍ വിഭാഗത്തില്‍ എത്തിച്ച ശേഷം ഡിപ്പോയ്ക്ക് പുറത്തുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ ബസില്‍ കയറി വാഹനം ഓടിച്ചുകൊണ്ടുപോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ വിവരം പൊലിസിനെ അറിയിച്ചു.
അജ്ഞാതന്‍ ബസ് നഗരത്തിലൂടെ അശ്രദ്ധമായി ഓടിച്ചതായാണ് വിവരം. ഇതിനിടെ ഒരു ബിരിയാണിക്കടയിലും സമീപത്തെ മതിലിലും ഉള്‍പ്പെടെ പലയിടങ്ങളിലും ബസ് ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെ മംഗളം ടവറിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ചയാള്‍ സംഭവശേഷം രക്ഷപ്പെട്ടതായാണ് സൂചന.
സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബസ് മോഷ്ടിച്ചതിന് പിന്നിലെ കാരണം ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരുന്നതായി പൊലിസ് അറിയിച്ചു.
An unidentified person stole a KSRTC bus while the employees were watching, abandoned it on the roadside, and fled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."