കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ
ന്യൂഡൽഹി: ആഭ്യന്തര ഭിന്നതകളും ഘടകകക്ഷികളുടെ കടുത്ത അതൃപ്തിയും പുകയുന്നതിനിടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ ചേരും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കോൺഗ്രസ് വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് ജയറാം രമേശ് അറിയിച്ചു.
വിവിധ കാരണങ്ങളാൽ ചില കക്ഷികൾക്ക് നേരിട്ടെത്താൻ കഴിയില്ലെങ്കിലും, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരാട്ടത്തിന് അവർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ യോഗത്തിൽ പങ്കെടുക്കുന്ന കക്ഷികൾ ഒന്നിച്ച് അണിനിരക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. യോഗത്തിൽ പങ്കെടുക്കാനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഇതിനകം തന്നെ ഡൽഹിയിലെത്തിയിട്ടുണ്ട്.
എന്നാൽ, സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ കേരളത്തിലെത്തി സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയത്.
കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു ചോദിച്ചിരുന്നു. ഇത്തരം ആരോപണങ്ങളെ ലളിതമായി കാണാനാകില്ല എന്ന് സി.പി.എം ജനറൽ സെക്രട്ടറി, കോൺഗ്രസ് അധ്യക്ഷന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
സി.പി.എമ്മിന് പുറമെ മറ്റ് പ്രമുഖ ഘടകകക്ഷികളും കോൺഗ്രസ് നിലപാടിൽ അതൃപ്തിയിലാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള ഡി.എം.കെ സഖ്യവുമായി തൽക്കാലം അകലം പാലിച്ചു നിൽക്കുകയാണ്. ജാർഖണ്ഡിൽ ജെ.എം.എമ്മിനെ (ജാർഖണ്ഡ് മുക്തി മോർച്ച) പരിഗണിക്കാതെ രാജ്യസഭാ സ്ഥാനാർഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യത്തിലുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് നാളത്തെ യോഗത്തിൽ രേഖപ്പെടുത്താനാണ് ജെ.എം.എം തീരുമാനം. ഘടകകക്ഷികളുടെ ഈ പരസ്യ പ്രതിഷേധങ്ങൾ നാളത്തെ യോഗത്തെ ഏറെ നിർണായകമാക്കും.
cpm hardens its stance against congress over kerala allegations. read about the political tension ahead of the crucial india bloc meeting in delhi. india alliance meeting tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."