മലബാറിലെ നാല് ജില്ലകളില്‍ ഇപ്പോഴും ആര്‍ടിഒമാരില്ല; പ്രതിസന്ധി
കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വിരമിക്കലും സ്ഥലംമാറ്റവും മൂലമുണ്ടായ ഈ ഒഴിവുകള്‍ യഥാസമയം നികത്താന്‍ അധികൃതര്‍ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ഏപ്രില്‍ 30നാണ് കോഴിക്കോട് ആര്‍ടിഒ സര്‍വീസില്‍ നിന്നും വിരമിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. വടകര ആര്‍ടിഒയുടെ കസേരയും നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിന് പുറമെ വടക്കന്‍ കേരളത്തിലെ മറ്റ് പ്രധാന ജില്ലകളായ വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ആര്‍ടിഒമാരില്ല. കാസര്‍കോട് ആര്‍ടിഒയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അവിടെ ഒഴിവ് വന്നത്. ആര്‍ടിഒ മാര്‍ക്ക് പുറമെ ജോയിന്റ് ആര്‍ടിഒ, സബ് ആര്‍ടിഒ തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്.
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, വാഹന പരിശോധനകള്‍ തുടങ്ങിയ പ്രധാനപ്പെട്ട സേവനങ്ങള്‍ പലതും ഇഴഞ്ഞു നീങ്ങുകയാണ്. കൂടാതെ പലയിടത്തും ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയുടെ നടത്തിപ്പിലും വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. വിരമിച്ചവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരം അടിയന്തരമായി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."