ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ
മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 2026 ലോകകപ്പ് മാമാങ്കത്തിന് കളം ഉണരുമ്പോൾ, കരിയറിലെ ഏറ്റവും അപൂർവ്വമായൊരു ലോക റെക്കോർഡിന്റെ വക്കിലാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. വരാനിരിക്കുന്ന ലോകകപ്പിൽ ഒരൊറ്റ തവണ കൂടി എതിരാളികളുടെ വലകുലുക്കാൻ സിആർ7-ന് സാധിച്ചാൽ, ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന സുവർണ്ണ നേട്ടം റൊണാൾഡോയ്ക്ക് സ്വന്തമാകും.
മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റാണ്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയും കരിയറിലെ അവസാന ലോകകപ്പ് കൂടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ ഇതിഹാസ കരിയറിൽ ഇതുവരെ സ്വന്തമാക്കാൻ സാധിക്കാത്ത ലോക കിരീടം എന്ന സ്വപ്നം ഇത്തവണ നെഞ്ചിലേറ്റിയാണ് റൊണാൾഡോയും സംഘവും വടക്കേ അമേരിക്കയിലേക്ക് വിമാനം കയറുന്നത്.
ഗോളടിയിൽ റെക്കോർഡിടാൻ 'സിആർ7'
2006, 2010, 2014, 2018, 2022 ലോകകപ്പുകളിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടിയ റൊണാൾഡോ, പങ്കെടുത്ത എല്ലാ ടൂർണമെന്റുകളിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അഞ്ച് ലോകകപ്പുകളിലായി 22 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. 2018-ലെ റഷ്യൻ ലോകകപ്പിലായിരുന്നു റൊണാൾഡോയുടെ ഏറ്റവും മികച്ച ഗോൾവേട്ട. അന്ന് നാല് തവണയാണ് താരം വലകുലുക്കിയത്. ആറാം ലോകകപ്പിലും ഗോൾ നേട്ടം ആവർത്തിച്ച് ചരിത്രം തിരുത്താനാകും താരം ഇത്തവണ ലക്ഷ്യമിടുന്നത്.
അതേസമയം, റൊണാൾഡോയ്ക്കൊപ്പം അഞ്ച് ലോകകപ്പുകളിൽ പങ്കാളിയായ അർജന്റീനൻ നായകൻ ലയണൽ മെസിക്ക് എല്ലാ ലോകകപ്പുകളിലും ഗോൾ നേടാൻ സാധിച്ചിട്ടില്ല. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ മെസിക്ക് ഗോളൊന്നും നേടാനാകാതിരുന്നതിനാൽ ഈ സവിശേഷ റെക്കോർഡ് നിലവിൽ റൊണാൾഡോയുടെ പേരിൽ മാത്രമാണ്.
ഖത്തറിലെ കണ്ണീരിന് മറുപടി നൽകാൻ പറങ്കിപ്പട
2026 ലോകകപ്പിൽ ഗ്രൂപ്പ് കെ-യിലാണ് പോർച്ചുഗൽ ഇടംപിടിച്ചിരിക്കുന്നത്. കൊളംബിയ, ഉസ്ബക്കിസ്ഥാൻ, ഡി.ആർ. കോംഗോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
കഴിഞ്ഞ ലോകകപ്പിലെ നിരാശ:
2022-ൽ ഖത്തറിന്റെ മണ്ണിൽ നടന്ന ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 6-1 എന്ന കൂറ്റൻ സ്കോറിന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് അപ്രതീക്ഷിത തോൽവി വഴങ്ങി കണ്ണീരോടെയാണ് റൊണാൾഡോയും സംഘവും കളംവിട്ടത്.
ഖത്തറിൽ പൊലിഞ്ഞുപോയ ആ ലോകകപ്പ് സ്വപ്നം 2026-ൽ അമേരിക്കൻ മണ്ണിൽ കിരീട വിജയത്തോടെ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പോർച്ചുഗീസ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."