സംസ്ഥാനത്ത് വ്യാജ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സജീവം
മലപ്പുറം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയുള്ള ഉത്തരവ് മറികടന്ന് വ്യാജ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സജീവം. കുവൈത്ത് ഉള്‍പ്പെടെയുള്ള 18 രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒ.ഡി.ഇ.പി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ സംസ്ഥാനത്തെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോഴും അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
ഒ.ഡി.ഇ.പി.സിയുടെ അറിവോടെയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നു വരുത്തിത്തീര്‍ത്താണ് അഭിമുഖം നടത്തുന്നത്. അതേസമയം, അനധികൃത റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് ഒ.ഡി.ഇ.പി.സി നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ഇത്തരം വ്യാജ ഏജന്‍സികളെ കുറിച്ചുള്ള വിവരം അറിയിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ മേഖലയുടെ ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കിയത്. റിക്രൂട്ട്‌മെന്റിന് സ്വകാര്യ ഏജന്‍സികള്‍ 20ഉം 25ഉം ലക്ഷംരൂപ വരെ ഈടാക്കുകയും കുവൈത്തിലേക്കടക്കം വിവിധ രാജ്യങ്ങളിലേക്ക് നടന്ന റിക്രൂട്ട്‌മെന്റുകളില്‍ വ്യാപക തട്ടിപ്പ് നടന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ നിയമം കൊണ്ടുവന്നതിന് ശേഷം വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ ഭാഗത്ത് നിന്നുമുണ്ടായില്ല. ഇത് മുതലെടുത്താണ് അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വീണ്ടും തലപൊക്കിയത്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഏജന്‍സികള്‍ വഴി ഇന്ത്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം ജോലി തേടിപ്പോകുന്നത് എണ്ണായിരം മുതല്‍ പതിനായിരം വരെ നഴ്‌സുമാരായിരുന്നു. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഒഡെപക് വഴി വര്‍ഷം അഞ്ഞൂറില്‍ താഴെ മാത്രം നഴ്‌സുമാരാണ് വിദേശ രാജ്യങ്ങളിലേക്കു പോയിരുന്നത്. ബാക്കിയുള്ളവരൊക്കെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയാണ് ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്‌സുമാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും സര്‍ക്കാരിന് ലഭ്യമല്ല. ഉദ്യോഗാര്‍ഥിയില്‍ നിന്ന് 20,000 രൂപയാണ് സ്വകാര്യ ഏജന്‍സി പ്രതിഫലമായി വാങ്ങേണ്ടതെങ്കിലും അന്‍പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഈടാക്കുന്നുണ്ട്. ചതിക്കുഴികള്‍ തീര്‍ക്കുന്ന ഇത്തരം സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ പുറത്താവുമെന്നാണ് കരുതിയിരുന്നത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."