സ്‌നേഹയ്ക്കു നാട്ടുകാരുടെ'സ്‌നേഹവീട് ' കൈമാറി
പുലാമന്തോള്‍: പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടുകയും സ്‌കൗട്ട് & ഗൈഡ്‌സിനു രാഷ്ട്രപതിയുടെ മെഡല്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി സ്‌നേഹക്കു സ്വന്തം വീട് എന്ന സ്വപ്നം 'കെയര്‍ ഫോര്‍ സ്‌നേഹ' കൂട്ടായ്മ സഫലമാക്കി.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറി വീട്ടില്‍ സ്‌നേഹയും മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും താമസിക്കുന്നതു മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആയിരുന്നു. ലഭിച്ച അവാര്‍ഡുകള്‍ വെക്കാന്‍ സ്ഥലമില്ലാതെ തൊട്ടടുത്ത വീട്ടില്‍ കൊണ്ടു വെക്കുകയായിരുന്നു സ്‌നേഹ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തു പഠിച്ചു പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ സ്‌നേഹയ്ക്കു മൂന്നു മാസത്തിനകം വീടൊരുക്കാന്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ വിദേശത്തും സ്വദേശത്തുമുള്ള നിരവധി ആളുകളും ഈ ഉദ്യമത്തില്‍ പങ്കാളികളായി.
വീടിന്റെ താക്കോല്‍ദാനം കേരള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി. ഗോപിനാഥന്‍ ഐ.എ&എ.എസ്, ഗാന്ധിയനും എഴുത്തുകാരനുമായ പ്രൊഫ. ഡോ. ആര്‍സു എന്നിവര്‍ പുലാമന്തോള്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
ശനിയാഴ്ച വൈകുന്നേരം സ്‌നേഹയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ഗാന്ധിയനുമായ പ്രൊഫ. ഡോ. ആര്‍സു ഗൃഹപ്രവേശത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെയര്‍ ഫോര്‍ സ്‌നേഹ കൂട്ടായ്മയുടെ ചെയര്‍മാന്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി. ടി. ടി. അഷ്‌റഫലി സ്വാഗതവും ജിഷാം പുലാമന്തോള്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഷാനവാസ് കൊരട്ടിയില്‍, സേതു പാലൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."