കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. തുടർന്ന് രാവിലെ 9 ഓടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
കെ.എസ്.ആർ.ടി.സി കണിയാപുരം യൂനിറ്റിന്റെ പെരുമാതുറ റൂട്ടിലേക്ക് പോകുന്ന ഓർഡിനറി സർവിസിലാണ് സംസ്ഥാനതല ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വി.വി.ഐ.പികളും ഉൾപ്പെടെ 20 ഓളം പേർ ഈ ബസിൽ യാത്ര ചെയ്യും. ബാക്കി സീറ്റുകളിൽ വനിതാ യാത്രക്കാരുമായി സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് എത്തിച്ച ശേഷമായിരിക്കും ബസ് പെരുമാതുറയിലേക്ക് സർവിസ് തുടരുക.
ആദ്യ സർവിസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീലയാണ് ഈ ചരിത്ര സർവിസിന്റെ സ്റ്റിയറിങ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മാത്രമായിരിക്കും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ സൗജന്യ ടിക്കറ്റ് സംവിധാനം ലഭ്യമാവുക.
നാളെ രാവിലെ ഒമ്പതോടെ എല്ലാ മെഷീനുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് ഐ.ടി വിഭാഗം അറിയിച്ചു. പ്രിയദർശിനി പദ്ധതിക്കായി നൽകുന്ന പൂജ്യം രൂപയുടെ പ്രത്യേക ടിക്കറ്റുകളിൽ ആദ്യമായി 'പ്രിയദർശിനി' എന്ന് മലയാളത്തിൽ കൂടി രേഖപ്പെടുത്തും.
അതേസമയം പദ്ധതി നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ഓരോ മാസവും ആവശ്യമായ തുക മുൻകൂറായി ലഭ്യമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി ബാങ്കുകൾ വഴി ഓവർഡ്രാഫ്റ്റ് സൗകര്യം ഒരുക്കും. സർക്കാർ ഗ്യാരന്റിയിൽ അനുവദിക്കുന്ന ഈ തുക മാസം ആദ്യം തന്നെ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാകും. തുടർന്ന് മാസാവസാനത്തോടെ പലിശ ഉൾപ്പെടെ തുക ബാങ്കുകളിലേക്ക് സർക്കാർ തിരിച്ചടയ്ക്കും. ഈ തുക സ്ഥിരം സംവിധാനമാക്കുന്നതിനായി ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
സൗജന്യ യാത്ര മൂലം ടിക്കറ്റ് വരുമാനത്തിൽ പ്രതിമാസം 65 മുതൽ 70 കോടി രൂപയുടെ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വരുമാനം മുൻകൂറായി ലഭിച്ചില്ലെങ്കിൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും ഇന്ധനം വാങ്ങലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് മാസാവസാനം പണം നൽകാമെന്ന സർക്കാരിന്റെ ആദ്യ നിർദേശം കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് തള്ളിയിരുന്നു.
നിലവിൽ 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിലാണ് ഇന്ധന കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകുന്നത്. ഈ ഇളവ് തുടരണമെങ്കിൽ കൃത്യമായ പണമിടപാട് അനിവാര്യമായതിനാലാണ് ഒടുവിൽ മുൻകൂർ പണം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 1,500 കോടി രൂപയുടെ വാർഷിക സഹായത്തിന് പുറമെയായിരിക്കും ഇത്.
The Chief Minister VD Satheeshan will tomorrow inaugurate the 'Priyadarshini' scheme, which offers free travel for women in KSRTC buses. This new initiative aims to provide safe, affordable, and accessible public transportation for women across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."