ചികിത്സാ ചെലവിന് ഖജനാവിൽനിന്ന് 2.52 കോടി; മുന്നിൽ പിണറായി, ഒരു രൂപ പോലും വാങ്ങാതെ 5 മുൻമന്ത്രിമാർ
തൊടുപുഴ: കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാ ചെലവുകൾക്കായി സംസ്ഥാന ഖജനാവിൽ നിന്ന് രണ്ടരക്കോടിയിലധികം രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകൾ.
കാബിനറ്റ് പദവിയുള്ള 27 ജനപ്രതിനിധികളുടെ ചികിത്സയ്ക്കായി ആകെ 2,52,51,526 രൂപയാണ് സർക്കാർ അനുവദിച്ചത്. ചികിത്സാ ആനുകൂല്യം കൈപ്പറ്റിയവരിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് മുന്നിൽ. അതേസമയം, അഞ്ച് മന്ത്രിമാർ ചികിത്സാ ഇനത്തിൽ ഖജനാവിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.
കാസർകോഡ് സ്വദേശി എ.എസ് മുഹമ്മദ് അഷ്‌റഫിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. പട്ടികയിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. 93,24,282 രൂപയാണ് ചികിത്സയ്ക്കായി അദ്ദേഹത്തിന് സർക്കാർ അനുവദിച്ചത്.
തൊട്ടുപിന്നിലുള്ളയാൾ വൈദ്യുതി മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടിയാണ്, 48,69,772 രൂപ. മൂന്നാം സ്ഥാനത്തുള്ള വി. ശിവൻകുട്ടി 33,48,898 രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഡോ. ആർ. ബിന്ദു 10,03,593 രൂപയും കൈപ്പറ്റി. കാബിനറ്റ് പദവിയുള്ള അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്റെ ചികിത്സാ ചെലവുകളിലേക്ക് 6,45,786 രൂപയാണ് സർക്കാർ ഫണ്ടിൽ നിന്നും കൈപ്പറ്റിയത്. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 1,19,158 രൂപയും ഈ ഇനത്തിൽ കൈപ്പറ്റി.
മാതൃകയായ 5 മുൻ മന്ത്രിമാർ ഇവർ
ഔദ്യോഗിക പദവിയിലുണ്ടായിട്ടും ചികിത്സാ ആനുകൂല്യമായി സർക്കാരിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റാതെ അഞ്ച് മന്ത്രിമാർ മാതൃകയായി. കൃഷിവകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദ്, ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജ്, പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഒ.ആർ കേളു, ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാർ, വ്യവസായ മന്ത്രിയായിരുന്ന പി. രാജീവ് എന്നിവരാണ് സർക്കാരിൽ നിന്നും ചികിത്സയിനത്തിൽ ഒരു രൂപ പോലും കൈപ്പറ്റാതിരുന്നത്.
according to official records, a total of 2.52 crore rupees was spent from the state treasury for the medical treatment expenses of ministers. pinarayi vijayan tops the list with the highest expenditure, while five former ministers did not claim even a single rupee for their medical treatments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."