പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും
ബംഗളൂരു: രാജ്യത്ത് മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ക്രമക്കേട് ആരോപണങ്ങള്‍ക്കെതിരേ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് പങ്കെടുക്കും. ഇന്ന് ബംഗളൂരുവിലെ ഫ്രീഡം സ്‌ക്വയറില്‍ വൈകുന്നേരം നാല് മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
സി.ജെ.പി വക്താവ് അശുതോഷ് റാങ്ക് അറിയിച്ചതനുസരിച്ച്, പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും പ്രതിഷേധത്തില്‍ പങ്കെടുക്കും. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരേ എല്ലാവരും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും ഈ വിഷയത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ട സമയമാണിതെന്നും അഭിജീത് ദീപ്‌കെ സമൂഹമാധ്യമമായ എക്‌സിലൂടെ ആഹ്വാനം ചെയ്തു.
ഇതിനുപുറമെ, നാളെ ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലും സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിന് ആവശ്യമായ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ഇതിന് മുമ്പ് ജൂണ്‍ 6ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് പ്രകാശ് രാജ് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഡല്‍ഹിയിലെത്താന്‍ സാധിച്ചിരുന്നില്ല.
ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സോനം വാങ്ചുക്, ആനി രാജ ഉള്‍പ്പെടെയുള്ള നേതാക്കളും വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിലായിരുന്നു സമരം.
അതേസമയം, ഏഴ് ദിവസത്തിനുള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയോ സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയോ ചെയ്തില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Actor and social activist Prakash Raj will participate in a protest organized by the Cockroach Janatha Party (CJP) against alleged irregularities in competitive exams in the country. The protest is scheduled for today at 4 PM at Freedom Square in Bengaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."