മാരകരോഗം ബാധിച്ച കാലികളുടെ ദയാവധം തിരുവിഴാംകുന്നില്‍
തിരുവനന്തപുരം: പാലക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ പശുക്കളെ ദയാവധത്തിനു വിധേയമാക്കാന്‍ തീരുമാനം. ഓണാവധി കഴിയുന്ന മുറയ്ക്ക് നടപ്പാക്കാനാണ് ആലോചന. എങ്ങനെ ദയാവധം നടപ്പാക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.
ദയാവധത്തിനു വിധേയമാക്കുന്ന മൃഗങ്ങളെ മഗ്‌നീഷ്യം ക്ലോറൈഡ് (ഇന്ദുപ്പ്) കട്ടിയായി കുറുക്കി ഹൃദയത്തില്‍ കുത്തിവച്ചാണ് കൊല്ലുന്നത്. ഏറെനേരം വേദന സഹിച്ചാല്‍ മാത്രമേ മരണം സംഭവിക്കൂ. സോഡിയം ഡയോപെന്റോള്‍ എന്ന മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുകയെന്നതാണ് രണ്ടാമത്തെ വഴി. ഇതിനു വേദനകുറയും.
മൃഗങ്ങളെ വേദനിപ്പിക്കാതെ വേണം ദയാവധം നടത്തേണ്ടതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ രണ്ടാമത്തെ രീതിയിലാകും ദയാവധം. രോഗബാധയുള്ള കാലികളെ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്ത് എത്തിച്ച് ദയാവധം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
ഫാമിലെ 84 പശുക്കള്‍ക്കാണ് മാരക രോഗബാധയേറ്റിരിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പശുക്കളെ ദയാവധം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. മനുഷ്യരില്‍ വന്ധ്യത, ഹൃദയാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയയാണ് ബ്രൂസിലോസിസ്-എ.
കന്നുകാലികളിലെ രോഗവിവരം മൃഗസംരക്ഷണ വകുപ്പിനെയോ സര്‍ക്കാരിനെയോ അറിയിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലായിരുന്നു. രോഗവിവരം പുറം ലോകമറിഞ്ഞത് സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ്. വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ വകുപ്പു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
സര്‍വകലാശാലാ അധികൃതരോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധയേറ്റ കാലികളെ ദയാവധം നടത്തുന്നതിന് സര്‍വകലാശാല തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."