ഹിലരിക്ക് തോക്കേന്തിയ അംഗരക്ഷകര്‍ എന്തിനെന്ന് ട്രംപ്
മിയാമി: തോക്കിനെ എതിര്‍ക്കുന്ന ഹിലരി ക്ലിന്റന് തോക്കേന്തിയ അംഗരക്ഷകര്‍ എന്തിനാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരിയുടെ അംഗരക്ഷകരെ അടിയന്തരമായി നിരായുധരാക്കണമെന്നും തുടര്‍ന്ന് എന്തുസംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു. നേരത്തെയും ഹിലരിക്കെതിരേ സമാനമായ പ്രസ്താവന ട്രംപ് നടത്തിയിരുന്നു.
'മുന്‍പ് കാണാത്ത തരത്തില്‍ സായുധരായ അംഗരക്ഷകര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ അവര്‍ നടക്കുന്നത്. അവരുടെ അംഗരക്ഷകര്‍ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതും അടിയന്തരമായി. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. അവരുടെ തോക്കുകള്‍ എടുത്തു മാറ്റണം. അവര്‍ക്ക് തോക്കുകള്‍ ആവശ്യമില്ല. അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാം.' മിയാമിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തവരോട് ട്രംപ് പറഞ്ഞു.
യു.എസില്‍ തോക്ക് നിരോധന നിയമം കൊണ്ടുവരണമെന്നാണ് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ വാദിക്കുന്നത്. ഹിലരിക്കും ഇതേ അഭിപ്രായമാണുള്ളത്. വെടിവയ്പ് ദുരന്തങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത് തോക്കിനു നിയന്ത്രണം ഇല്ലാത്തതു കൊണ്ടാണെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. എന്നാല്‍ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കരുടെ ആധിപത്യം മൂലമാണ് ഇതുസംബന്ധിച്ച ബില്‍ പാസാകാത്തത്. ട്രംപ് തോക്ക് ലോബിയുടെ ആളാണെന്ന് നേരത്തെ ഹിലരിയുടെ ക്യാംപ് തിരിച്ചടിച്ചിരുന്നു. ട്രംപ് ആളുകളെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണെന്നും ഹിലരിയുടെ അനുയായികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."