നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേസില്‍ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ സലീം എന്നിവരടക്കമുള്ള പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. കേസില്‍ പ്രത്യേക കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം, പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിക്കപ്പെട്ടതില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്.
മെമ്മറി കാര്‍ഡ് ചോര്‍ച്ചയെക്കുറിച്ച് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നാണ് അതിജീവിതയുടെ നിലപാട്. 2024ല്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ജില്ലാ കോടതിയിലെ ഒരു ക്ലര്‍ക്കിന്റെ കൈവശം അഞ്ച് മാസം മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നതായും, പരിശോധന നടത്തിയ ഫോണ്‍ പിന്നീട് നശിപ്പിച്ചതായി മൊഴിയുണ്ടായിട്ടും കൂടുതല്‍ അന്വേഷണം ശുപാര്‍ശ ചെയ്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രത്യേക കോടതിയിലെ മറ്റൊരു ക്ലര്‍ക്കും മെമ്മറി കാര്‍ഡ് പരിശോധിച്ചതായി സമ്മതിച്ചിരുന്നെങ്കിലും, ഫോണ്‍ തീവണ്ടി യാത്രയ്ക്കിടെ നഷ്ടമായെന്ന വിശദീകരണം അന്വേഷണ സംഘം അംഗീകരിക്കുകയായിരുന്നു. പരിശോധനയുടെ ഉദ്ദേശ്യം എന്തായിരുന്നു, ഇതിലൂടെ ആരെങ്കിലും നേട്ടമുണ്ടാക്കിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തില്‍ സൈബര്‍, ഫോറന്‍സിക് വിദഗ്ധരുടെ സേവനം തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും സാക്ഷിമൊഴികളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അതിജീവിത ആരോപിക്കുന്നു. അതിനാല്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, കോടതിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ഫോറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
The High Court has postponed for two weeks the hearing of appeals filed by six accused, including first accused Pulsar Suni, seeking to overturn their conviction in the actress assault case. The move came after the prosecution requested more time to present arguments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."