രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ നിരവധി രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ-കൊതുക് ജന്യ രോഗങ്ങള്‍ അതിവേഗം വര്‍ധിച്ചുവരുന്നത് മഴക്കാലത്ത് സാധാരണമാണെങ്കിലും അവയ്‌ക്കെല്ലാം പുറമേ ഷിഗെല്ല രോഗബാധയും കേരളത്തില്‍ വര്‍ധിക്കുന്നു. ദിനംപ്രതി നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം ഏഴ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2 വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഒന്ന് വീതവുമാണ് ഇന്നലെ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം മാത്രം 140 രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
നിലവില്‍ കോഴിക്കോട്, വയനാട് , തൃശൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തിരുവനന്തപുരം , കൊല്ലം , ഇടുക്കി , എറണാകുളം , കണ്ണൂര്‍ , പാലക്കാട് എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഷിഗെല്ല അണുബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം ആറായി.
ഷിഗെല്ല പ്രധാനമായും കുടലുകളെ ബാധിക്കുകയും മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ മോശം ശുചിത്വം എന്നിവയിലൂടെ പടരുകയും ചെയ്യുന്നു.വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."