എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജ ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി നിഷ്യാന്ത് ത്യാഗി (36)യെയാണ് ഡല്‍ഹി പൊലിസ് പിടികൂടിയത്. പ്രതി 2008 മുതല്‍ മാനസികാരോഗ്യ ചികിത്സയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് അറിയിച്ചു.
ജൂണ്‍ 29നാണ് പ്രതി ഭീഷണി ഇമെയിലുകള്‍ അയച്ചത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ), ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍), സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എന്നിവയുടെ ആസ്ഥാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കൂടാതെ ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
ഇമെയിലുകള്‍ ലഭിച്ചതോടെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും സുരക്ഷാ ഏജന്‍സികളും നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭീഷണികള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച രണ്ട് ഇമെയില്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം, അവയുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. തുടര്‍ന്ന് ജൂണ്‍ 30ന് ഗാസിയാബാദിലെ സന്യോഗ് നഗര്‍ പ്രദേശത്ത് നിന്ന് നിഷ്യാന്ത് ത്യാഗിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലിസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, ഇമെയില്‍ അക്കൗണ്ടുകള്‍, സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലിസ് വ്യക്തമാക്കി.
One person has been arrested in a case of sending fake bomb threat emails to prominent institutions in the country, including NIA, ISRO, DRDO, and to an Air India flight. Delhi Police arrested Nishyant Tyagi (36), a native of Ghaziabad, Uttar Pradesh. Police said preliminary investigation revealed that the accused has been undergoing mental health treatment since 2008.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."