മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകം തന്നെ: കൂടുതൽ അറസ്റ്റുണ്ടായേക്കും, 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
എറണാകുളം: മൂവാറ്റുപുഴ വാളകത്ത് ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.
സംഭവത്തിൽ പൊലിസ് ഇന്നലെ പിടികൂടിയ പത്ത് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. പെൺസുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. തലക്കും നെഞ്ചിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നും പൊലിസ് വ്യക്തമാക്കി.
പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരുണാചൽ സ്വദേശി അശോക് ദാസ് (26) ആണ് മരിച്ചത്. ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തിയതിനാണ് ആൾക്കൂട്ടം കട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് സംഭവം ഉണ്ടായത്. ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദനം തുടർന്നു.
അവശനിലയിലായ അശോക് ദാസിനെ പൊലിസെത്തിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. തുടർന്നാണ് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കലകോളജിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയിൽ രണ്ട് മണിയോടെ അശോക് ദാസ് മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിൻറെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടർ നടപടികളുണ്ടാകുക. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."