ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി
പാലക്കാട് : ഈ മാസം 15 മുതൽ 18 വരെ ന്യൂദൽഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ വിഷ്വൽ ആർട്‌സ് ഗാലറിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവലിൽ ഖത്തർ പ്രതിനിധിയായി മലയാളി യുവതി പങ്കെടുക്കും. ഗാലറി ശ്രീ ആർട്‌സ് നേതൃത്വം നൽകുന്ന ആർട്‌സ് ഫെസ്റ്റിൽ ജിതേന്ദ്ര പദം ജെയിൻ ആണ് ക്യൂറേറ്റർ. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കാലിഗ്രാഫി ആർട്ടിസ്റ്റ് ഫാരിഷ ആരിഫാണ് ഇന്ത്യയിൽ ഖത്തറിനുവേണ്ടി ആർട്‌സ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 14 വർഷമായി ദോഹയിൽ താമസിക്കുന്ന ഫാരിഷ നിരവധി അന്താരാഷ്ട്ര ആർട്‌സ് ഫെസ്റ്റുകളിൽ പങ്കെടുക്കുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ ന്യൂദൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ആർട്‌സ് ഫെസ്റ്റിനായി നടന്ന സെലക്ഷനിലാണ് ഖത്തർ പ്രതിനിധിയായി ഫെസ്റ്റിൽ മാറ്റുരയ്ക്കാനായി ഫാരിഷയെ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിൽ തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് ഖത്തറിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന സാഹചര്യം വന്നത്. പ്രൊഫഷണലായി അറബിയിലും, ഇംഗ്ലീഷ് കാലിഗ്രാഫിയിലും വിവിധ സ്‌ക്രിപ്റ്റുകൾ ഉപയോഗിച്ച് ഫാരിഷ ചെയ്ത പല വർക്കുകളും അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്. മൈ ഖലാം അക്കാദമി യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഉമറുദ്ദീനും, പ്രശസ്ത പാക്കിസ്ഥാൻ കാലിഗ്രാഫർ ഹസ്സൻ അബ്ദുള്ളയും ഉൾപ്പെടെ, പ്രശസ്ത അധ്യാപകരുടെയും അക്കാദമികളുടെയും കീഴിൽ വ്യത്യസ്ത സ്‌ക്രിപ്റ്റുകൾ ഫാരിഷ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കാലിഗ്രാഫിയിൽ, എൽ.എം സ്‌ക്രിപ്റ്റിന്റെ സ്ഥാപകനായ ലളിത് മൗര്യയുടെ കീഴിൽ അവർ എൽ.എം ലിപിയും പഠിച്ചു. കോപ്പർ പ്ലേറ്റ് കാലിഗ്രഫിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ഖത്തറിലെ ഇസ്‌ലാമിക് ആർട്ട് മ്യൂസിയവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫാരിഷ ഖത്തർ മ്യൂസിയങ്ങളിൽ ഗാസയുടെ സഹായത്തിനായി ആർട്ട് ഫോർ പീസ് കാംപയിനിൽ പങ്കെടുത്തിട്ടുണ്ട്. ഈ കാംപയിനിൽ ഫാരിഷയുടെ കാലിഗ്രാഫി വർക്ക് 2000 ഡോളറിനാണ് ലേലത്തിൽ പോയത്. 2023, 2024, 2025 വർഷങ്ങളിലെ ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിലെ സ്ഥിരം പങ്കാളിയായിരുന്നു. ഖത്തർ ഷെയ്ഖുമാരുടെ കൊട്ടാരങ്ങളിലും ഫാരിഷയുടെ കാലിഗ്രാഫി വർക്കുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിയാണ്. വീരാൻകുട്ടി, ബൽക്കീസ് ദമ്പതികളുടെ മകളാണ് ഫാരിഷ. ആരിഫ് കോലാനിയാണ് ഭർത്താവ്. മക്കൾ അബുസയാൻ, ഫർഹാൻമുഹമ്മദ്.

ഫോട്ടോ: ഫാരിഷ ആരിഫ് തന്റെ കാലിഗ്രാഫി പ്രദർശനത്തിൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."