ജൈവ പച്ചക്കറി വിപണനത്തില്‍ 'ഓണ സമൃദ്ധി'ക്ക് വന്‍നേട്ടം
ആലപ്പുഴ: ജൈവപച്ചക്കറിയുമായി കൃഷിവകുപ്പ് തുറന്ന 'ഓണ സമൃദ്ധി' വന്‍വിജയം നേടി. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണക്കാലത്ത് ജില്ലയില്‍ നടപ്പാക്കിയ ഓണ സമൃധി ഫാം ഫ്രഷ് കേരള പഴം പച്ചക്കറി വിപണിയാണ് വന്‍നേട്ടം കൊയ്തത്.
അഞ്ചു ദിവസത്തെ മാത്രം കച്ചവടം കൊണ്ടു 70 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടത്തിയത്. ഓണക്കാലത്ത് വിലക്കുറവില്‍ വിഷമില്ലാത്ത പഴം പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ തുറന്നത്. ജില്ലയില്‍ 98 കേന്ദ്രങ്ങളാണ് കഴിഞ്ഞ ഒന്‍പതാം തിയതി മുതല്‍ ആരംഭിച്ചത്. മുന്‍പ് ആഴ്ചകളിലാണ് ചന്ത ഒരുക്കിയിരുന്നത്.
എന്നാല്‍, ഇത്തവണ തുടര്‍ച്ചയായ ദിവസങ്ങളിലേക്ക് വിപണന കേന്ദ്രങ്ങള്‍ തുറക്കുകയായിരുന്നു. പാലമേല്‍, വള്ളികുന്നം, തഴക്കര, ചുനക്കര, വെന്‍മണി, ചെറിയനാട്, കഞ്ഞിക്കുഴി, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളിലെ വിപണന കേന്ദ്രങ്ങളിലെ വില്‍പ്പന പൊടിപൊടിച്ചു.
ചിലകേന്ദ്രങ്ങളില്‍ 20,000 ടണ്‍ വരെ പച്ചക്കറിയുടെ വില്‍പ്പന നടന്നു. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും ഇടനിലക്കാരില്ലാതെ ശേഖരിച്ച ജൈവ പച്ചക്കറികളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പച്ചക്കറികള്‍ എത്തിക്കുന്നതിനും മുന്‍ഗണന നല്‍കിയായിരുന്നു പദ്ധതി നടപ്പാക്കിയത്. കൃഷി വകുപ്പിന്റെ തന്നെ ജില്ലയിലെ വിവിധ പച്ചക്കറി വികസന പദ്ധതികളില്‍ നിന്നുള്ള പച്ചക്കറികളും സംഭരിച്ച് വിപണന കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു.
കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിച്ച വിളവുകള്‍ക്ക് മികച്ച വില ലഭ്യമാക്കാനായി. നാടന്‍ ഏത്തക്ക 70 രൂപാ മുതല്‍ 75 രൂപാ വരെ കര്‍ഷകര്‍ക്ക് നല്‍കിയാണ് കൃഷിവകുപ്പ് സംഭരിച്ചത്.
പാവക്ക 50 രൂപയ്ക്കും, നാടന്‍ പയറിന് 60 രൂപ വരെയും കര്‍ഷകര്‍ക്ക് ലഭിച്ചു. സംഭരണ വിലയെക്കാല്‍ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തിയത്. ഉളളി, സവാള, ഉരുളക്കിഴങ്ങ് മുതലായവ ഹോര്‍ട്ടികോര്‍പ്പ് വഴിയാണ് വിപണികളില്‍ എത്തിച്ചത്. ഇതിനായി ജില്ലയില്‍ ആറ് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷിക കൂട്ടായ്മകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക വിപണന കമ്മിറ്റികള്‍ രൂപീകരിച്ചത്. ഇവരുടെ മേല്‍നോട്ടത്തിലാണ് ഓരോ ദിവസത്തേയും സംഭരണ വിലയും വില്‍പ്പന വിലയും നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."