കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ പുതുതായി അവതരിപ്പിച്ച 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ആദ്യമായി ലഭിച്ചത് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് ഔദ്യോഗിക ചടങ്ങിൽ പെർമിറ്റ് കൈമാറി.
രാജ്യത്തേക്ക് ഉയർന്ന നിലവാരത്തിലുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ്-നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ മത്സരശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഗോൾഡൻ റെസിഡൻസി പദ്ധതി നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം 15-നാണ് കുവൈത്ത് 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പദ്ധതി പ്രഖ്യാപിച്ചത്. യോഗ്യത നേടിയ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ദീർഘകാല റെസിഡൻസി അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുവൈത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അംഗീകൃത മുതിർന്ന എക്സിക്യൂട്ടീവുകൾക്കും അംഗീകൃത ബിസിനസ് പങ്കാളികൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യുന്നതിൽ ഈ പദ്ധതി നിർണായകമാകുമെന്നാണ് കുവൈത്ത് സർക്കാരിന്റെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."