വിദ്യാര്‍ഥിനി ചികിത്സയ്ക്കിടെ മരിച്ച സംഭവം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍ കണ്‍വീനറായുള്ള മൂന്നംഗ ബോര്‍ഡാണ് രൂപീകരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശ്രീദേവിയും ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനുമാണ് മറ്റ് അംഗങ്ങള്‍.
അന്വേഷണസംഘം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ വ്യാഴാഴ്ച കിട്ടിയതിനെതുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സമ്മതം ആരാഞ്ഞ് ഫോറന്‍സിക് മേധാവിക്കും സര്‍ക്കാര്‍ പ്ലീഡര്‍ക്കും ഡി.എം.ഒ കത്ത് നല്‍കിയത്.
ഇരുവരുടെയും സമ്മതം ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റസിറ്റിങില്‍ തന്നെ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഈ മാസം 27ന് എറണാകുളത്ത് വച്ചായിരിക്കും സിറ്റിങ്.
അതിനുമുമ്പ് റിപ്പോര്‍ട്ടുകള്‍ വിശദമായി അംഗങ്ങള്‍ പഠനവിധേയമാക്കും.ആവശ്യമെങ്കില്‍ മറ്റ് വിദഗ്ധരെക്കൂടി ആദ്യ സിറ്റിങ്ങില്‍ ഉള്‍പ്പെടുത്തും.കൂടുതല്‍ കാലതാമസം വരുത്താതെ എത്രയും വേഗം റിപ്പോര്‍ട്ട് പൊലിസിന് കൈമാറുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
ഇതിനുമുന്നോടിയായി അന്വേഷണസംഘം നല്‍കിയ എല്ലാ ഫയലുകളും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന് നല്‍കിയിട്ടുണ്ട്.ഫിസിഷ്യന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും മറ്റ് വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
27ന് നിശ്ചയിച്ചിരിക്കുന്ന സിറ്റിങ്ങിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ തൊട്ടടുത്ത ദിവസമായ 28ന് തന്നെ സിറ്റിങ് നടത്തും. രണ്ടു ദിവസംകൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഈ മാസം തന്നെ അന്വേഷണസംഘത്തിന് സമര്‍പ്പിക്കാനാണ് തീരുമാനം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷംന മരിച്ചത് ചികിത്സാപിഴവ് മൂലമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചികിത്സാപിഴവ് സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസ് എടുക്കാം.
തന്റെ മകളുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് കണ്ണൂര്‍ ശിവപുരം പടുവാറ ഐഷ മന്‍സിലില്‍ അബൂട്ടി രണ്ടു തവണ പരാതി നല്‍കിയിരുന്നു.
പനി ബാധിച്ചതിനെതുടര്‍ന്ന് ജൂലായ് 18ന് താന്‍ പഠിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയെത്തിയ ഷംന ആന്റി ബയോട്ടിക് കുത്തിവെപ്പ് എടുത്തിനെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കുത്തിവെപ്പ് എടുത്ത വാര്‍ഡില്‍ അടിയന്തിര ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഷംനക്ക് ഓക്‌സിജന്‍ നല്‍കാന്‍ പോലും സംവിധാനമുണ്ടായിരുന്നില്ല. വാര്‍ഡില്‍ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ സ്ട്രക്ച്ചര്‍ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു.
വിദ്യാര്‍ഥിനിയുടെ സ്ഥിതി ഗുരുതമായതിനെ തുടര്‍ന്ന് അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷംനയുടെ മരണത്തിന് കാരണം ചികില്‍സാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ. എം.കെ സുരേഷ്, പള്‍മനറി മെഡിസിന്‍ പ്രൊഫസര്‍ ഡോ. കെ. അനിത എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതില്‍ മെഡിക്കല്‍ കോളജിലെ വീഴ്ച കണ്ടെത്തിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."