വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ
അബുദബി: വേനൽക്കാല അവധിക്കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന യാത്രാ നിർദ്ദേശങ്ങളുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. യാത്രയ്ക്കിടയിൽ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യുഎഇയിലേക്ക് തിരികെ എത്തുന്നതിനായി നൽകുന്ന വൺ-വേ 'റിട്ടേൺ ഡോക്യുമെന്റ് ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
വിദേശത്തുവെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യുഎഇ നൽകുന്ന അടിയന്തര യാത്രാ രേഖയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചു. ഇത്തരത്തിൽ അനുവദിക്കുന്ന അടിയന്തര യാത്രാ രേഖ ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്നതാണ്. രേഖ ലഭിച്ച് 7 ദിവസത്തിനുള്ളിൽ ഇത് ഉപയോഗിച്ച് യുഎഇയിലേക്ക് തിരികെ എത്തിയിരിക്കണം.
വിദേശത്തുള്ള ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സഹായങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര ഹോട്ട്‌ലൈൻ സൗകര്യവും ലഭ്യമാണ്.
സുരക്ഷിത യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ
യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ മന്ത്രാലയം ചില നിർദ്ദേശങ്ങൾ കൂടി നൽകിയിട്ടുണ്ട്:
- പാസ്‌പോർട്ട് കാലാവധി: പാസ്‌പോർട്ടുകൾക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
- രേഖകളുടെ സുരക്ഷ: തിരിച്ചറിയൽ രേഖകളുടെ ഡിജിറ്റൽ/ഇലക്ട്രോണിക് പകർപ്പുകൾ കയ്യിൽ കരുതുകയും ഒറിജിനൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക.
- ഇൻഷുറൻസും വിസയും: യാത്രയുടെ മുഴുവൻ കാലയളവും ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുക. ഒപ്പം യാത്ര ചെയ്യുന്നവരുടെ വിസ ആവശ്യകതകളും പരിശോധിക്കുക.
- മറ്റു ജാഗ്രതകൾ: സന്ദർശിക്കുന്ന രാജ്യത്തെ യുഎഇ എംബസി/കോൺസുലേറ്റ് വിവരങ്ങൾ സൂക്ഷിക്കുക, യാത്രയ്ക്ക് മുമ്പ് ബാങ്ക് കാർഡുകൾ വിദേശത്ത് ഉപയോഗിക്കാൻ ബാങ്കിനെ അറിയിക്കുക, അംഗീകൃത ഏജൻസികൾ വഴി മാത്രം താമസവും ഗതാഗതവും ബുക്ക് ചെയ്യുക.
The UAE has issued an important advisory for Golden Visa holders planning international travel this summer, urging them to meet residency and travel requirements to avoid entry or residency issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."