'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണം കേരളത്തിന്റെ വൈജ്ഞാനിക-വിദ്യാഭ്യാസ രംഗത്തിനും മതസൗഹാർദ പാരമ്പര്യത്തിനും വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഒരു മതപണ്ഡിതൻ എന്നതിലുപരി, സമാധാനത്തിനും മതസൗഹാർദത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷവും സഹിഷ്ണുതയാർന്നതുമായ സാമൂഹിക സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അഗാധമായ പാണ്ഡിത്യവും പക്വതയാർന്ന നേതൃത്വവും സമന്വയിപ്പിച്ച അദ്ദേഹം മുസ്ലിം സമൂഹത്തിന്റെ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങൾക്ക് ദിശാബോധം നൽകി. മത, ബൗദ്ധിക, വിദ്യാഭ്യാസ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വരുംതലമുറകൾക്ക് പ്രചോദനമാകും.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ലളിതമായ ജീവിതശൈലിയും കണിശമായ നിലപാടുകളും പിന്തുടർന്ന അദ്ദേഹം സമൂഹസൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."