'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
അരനൂറ്റാണ്ടിലേറെക്കാലം മത - വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി നിലകൊണ്ട അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിൻസിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു.
ഇംഗ്ലീഷും അറബിയും ഒരുപോലെ വഴങ്ങിയിരുന്ന ആലിക്കുട്ടി മുസ്‌ലിയാർ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്‌ലു) സിലബസ് രൂപീകരണ സമിതി അംഗമായിരുന്നു. മുസ്ലിം വേൾഡ് ലീഗിലെ ഫിഖ്ഹ് കൗൺസിൽ അംഗമെന്ന നിലയിലും പ്രമുഖ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ലോകത്തിനു മുന്നിൽ ശ്രദ്ധേയമായ പണ്ഡിത പ്രാതിനിധ്യം അടയാളപ്പെടുത്തി. ജനപ്രതിനിധിയല്ലാത്ത ഒരാൾ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയപ്പോഴും തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായിരുന്നപ്പോഴും അദ്ദേഹം കാഴ്ചവെച്ച മിടുക്കും പൊതുസേവന രംഗത്തെ മികവും ഏറെ പ്രശംസനീയമാണ്.
പതിനാറാം വയസ്സിൽ മഹല്ല് ഖത്തീബായും, ഇരുപതാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിതനായ അപൂർവ്വ ബഹുമതിയും അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മതസൗഹാർദ്ദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ പൊതുമണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയിലും വലിയൊരു നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സമസ്ത പ്രവർത്തകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."