രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു: ബി.ജെ.പി കേന്ദ്രസംഘം
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സി.പി.എം അക്രമത്തെക്കുറിച്ചു പഠിക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം നിയോഗിച്ച സംഘം ആരോപിച്ചു. സ്വന്തംനാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പോലും പിണറായിക്കു സാധിച്ചിട്ടില്ലെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍പ് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ബംഗാള്‍ ലൈന്‍ സ്വീകരിക്കണമെന്ന് പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. പശ്ചിമബംഗാളില്‍ നടന്നതിനു തുല്യമായ അക്രമങ്ങളാണിപ്പോള്‍ അവര്‍ കേരളത്തിലും നടത്തുന്നത്. ഭരണം നിയന്ത്രിക്കുന്നത് എ.കെ.ജി സെന്ററാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു രാഷ്ട്രീയാഭിപ്രായമുള്ളവരെ സി.പി.എം കൊല്ലുകയും ആക്രമിക്കുകയും കുടുംബത്തിന് ഊരുവിലക്കേര്‍പെടുത്തി ദ്രോഹിക്കുകയുമൊക്കെ ചെയ്യുന്നു.
സി.പി.എമ്മുകാരുടെ ആക്രമണത്തിനിരകളാകുന്നവര്‍ക്കൊന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചും കൊലകളെക്കുറിച്ചും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകിലയടക്കം ബി.ജെ.പിയുടെ മൂന്ന് ജനപ്രതിനിധികള്‍ അടുത്ത ദിവസങ്ങളില്‍ ദുരൂഹ സാഹചര്യത്തിലുള്ള അപകടങ്ങളില്‍ കൊല്ലപ്പെട്ടത് കൊലപാതകമാണെന്ന സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തണം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ബി.ജെ.പിക്കാരെക്കാളധികം സി.പി.എമ്മുകാരുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത് സംഘാംഗമായ മീനാക്ഷി ലേഖി എം.പിയെ പ്രകോപിപ്പിച്ചു. അതു തടയേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും അതു തങ്ങളുടെ ജോലിയല്ലെന്നും അവര്‍ പറഞ്ഞു. ഈ കാലയളവില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാരും അക്രമം നടത്തിയിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഭൂപേന്ദ്ര യാദവ്, എം.പിമാരായ നന്ദകുമാര്‍ ഹെഗ്‌ഡെ, നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹേ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സംഘം ഗവര്‍ണറെയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും ഡി.ജി.പിയെയും കണ്ട് അക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."