ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍
മലപ്പുറം: ജനസഞ്ചയങ്ങളെ ആകര്‍ഷിച്ച സൗമ്യഭാഷണവും പണ്ഡിതശോഭയും മായാത്ത പുഞ്ചിരിയും ഇനി ഓര്‍മ. വെള്ളിയാഴ്ച പ്രഭാതത്തിന്റെ തൂവെള്ളപ്രഭയില്‍ വന്ദ്യഗുരു ആലിക്കുട്ടി മുസ്്ലിയാര്‍ക്ക് അന്ത്യനിദ്രയൊരുക്കിയത് ആറു പതിറ്റാണ്ടുകാലം ആത്മീയ നേതൃത്വമരുളിയ തിരൂര്‍ക്കാട്ടെ പള്ളിമുറ്റത്ത്.
ജനസാഗരം തീര്‍ത്ത സമ്മേളനങ്ങളിലും അക്കാദമിക് രംഗത്തും ആശയകൈമാറ്റത്തിന്റെയും നിലപാടുകളുടെ ആകര്‍ഷകശൈലിയാണ് ആലിക്കുട്ടി മുസ് ലിയാരെ കുറിച്ച് അനുയായി മനസുകളില്‍ മായാത്ത നിലകൊള്ളുക. മുഹാജിര്‍, അന്‍സ്വാര്‍, അവരെ നന്‍മയില്‍ പിന്തുടരുന്നവര്‍ എന്നിവര്‍ വിജയികളാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂറത്തുത്തൗബയിലെ 'വസ്സാബിഖൂനല്‍ അവ്വലൂന്‍...' എന്നു തുടങ്ങുന്ന സൂക്തം, സത്യസന്ധരോട് കൂടെയാവണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഇതേ സൂറത്തിലെ 119ാം വചനം, അറിവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന സൂറത്തുസ്സുമറിലെ ഒമ്പതാം വചനം തുടങ്ങിയവയായിരുന്നു ആലിക്കുട്ടി ഉസ്താദിന്റെ പ്രഭാഷണങ്ങളിലധികവും ആമുഖമായ ഉദ്ബോധനം. പൂര്‍വികരുടെയും മഹാരഥന്‍മാരുടെയും ചരിത്രങ്ങൾ അയവിറക്കിയുള്ള സംസാരങ്ങളും നേരിടപടലുകളും ഓര്‍മകളുമാണ് ശിഷ്യരും അടുത്ത് ബന്ധം പുലര്‍ത്തിയവരും അനുയായികളും ഒരുപോലെ പങ്കുവയ്്ക്കുന്നത്. ലക്ഷക്കണക്കിന് അനുയായികളോട് സംവദിക്കുമ്പോഴും ശാന്തമായൊഴുകുന്ന വാക്കും മനസും കൊണ്ട് അനുവാചകരുടെ ഹൃദയത്തില്‍ നേടിയെടുത്ത സ്‌നേഹവായ്പിന്റെ നോവുന്ന ഓര്‍മകളോടെയാണ് ഇന്നലെ മരണാനന്തര ചടങ്ങുകളില്‍ ജനലക്ഷങ്ങള്‍ സംഗമിച്ചത്.
അണമുറിയാത്ത യാസീന്‍ പാരായണവും പ്രാര്‍ഥനകളും ജനാസ നിസ്‌കാരവും കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ജുമുഅദിനത്തിന്റെ പുണ്യം നുകര്‍ന്ന് ഉസ്താദ് കണ്‍മറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."