ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം
കേരളത്തിന്റെ ജില്ലാ രൂപീകരണചരിത്രം പരിശോധിക്കുമ്പോൾ പുതിയ ജില്ലകൾ രൂപംകൊണ്ടത് ഒറ്റപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും പഠനറിപ്പോർട്ടുകളും ഭരണപരമായ വിലയിരുത്തലുകളും വികസന ആവശ്യങ്ങളും അതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. അതേസമയം, വിവിധ കാലഘട്ടങ്ങളിൽ മുന്നോട്ടുവച്ച പല ജില്ലാ നിർദേശങ്ങളും ഇന്നും കടലാസിൽ തന്നെ ഒതുങ്ങുന്നു.
ഭരണസൗകര്യം, വികസന ആവശ്യകത, ഭൂമിശാസ്ത്ര പ്രത്യേകത, രാഷ്ട്രീയസാഹചര്യങ്ങൾ എന്നിവകൂടി ഒത്തുചേർന്നപ്പോഴാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ വന്നത്. കേരളം രൂപീകൃതമായപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നീ അഞ്ച് ജില്ലകളായിരുന്നു ഉണ്ടായിരുന്നത്. 1957 ജനുവരി ഒന്നിനു മലബാറിനെ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂർ രൂപീകരിച്ചതോടെ ജില്ലകളുടെ എണ്ണം എട്ടായി. സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുമ്പായതിനാൽ അന്നത്തെ ഗവർണർ ബി. രാമകൃഷ്ണ റാവുവാണ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്. ആദ്യ കേരള സർക്കാർ രൂപം നൽകിയ പുതിയ ജില്ല ആലപ്പുഴയായിരുന്നു. ചേർത്തല, ചെങ്ങന്നൂർ റവന്യൂ ഡിവിഷനുകൾ ഉൾപ്പെടുത്തിയാണ് 1957 ഓഗസ്റ്റ് 17നു ജില്ല നിലവിൽവന്നത്. തുടർന്ന് 1958 ഏപ്രിൽ ഒന്നിന് എറണാകുളം ജില്ലയും രൂപീകരിച്ചു. കൊച്ചി നഗരത്തിന്റെ ഭരണവാണിജ്യ പ്രാധാന്യവും ഹൈക്കോടതിയും തുറമുഖവും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യവുമാണ് എറണാകുളം രൂപീകരണത്തിന് പ്രധാന അടിസ്ഥാനമായത്. 1969 ജൂൺ 16നു കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ ചേർത്താണ് മലപ്പുറം ജില്ല രൂപംകൊണ്ടത്. സപ്തകക്ഷി മുന്നണി സർക്കാരിന്റെ പ്രധാന രാഷ്ട്രീയ വാഗ്ദാനങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ല. അതേകാലത്ത് മലനാട് ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നതോടെ ഇരുനിർദേശങ്ങളും പഠിക്കാൻ പ്രത്യേക ഓഫിസറായി എൻ. കാളീശ്വരനെ നിയോഗിച്ചു. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ മലപ്പുറത്തിനൊപ്പം മലനാട് ജില്ലയും ശുപാർശ ചെയ്തിരുന്നു. എന്നാൽ കാളീശ്വരൻ റിപ്പോർട്ട് പൂർണമായി നടപ്പായില്ല. റിപ്പോർട്ട് ഔദ്യോഗികമായി സർക്കാരിനു ലഭിക്കുന്നതിന് മുമ്പുതന്നെ മലപ്പുറം ജില്ല നിലവിൽവരികയും സപ്തകക്ഷി സർക്കാർ അധികാരത്തിൽനിന്ന് പുറത്താകുകയും ചെയ്തു. പിന്നീട് കോട്ടയം, എറണാകുളം ജില്ലകളിലെ മലയോര മേഖലകൾ ഉൾപ്പെടുത്തി 1972 ജനുവരി 26നു ഇടുക്കി ജില്ല രൂപീകരിച്ചതോടെ കാളീശ്വരൻ റിപ്പോർട്ടിലെ മലനാട് ആശയത്തിനു ഭാഗികമായെങ്കിലും രൂപം ലഭിച്ചു.
ഇടുക്കിക്ക് പിന്നാലെ വയനാട് ജില്ലയ്ക്കായുള്ള ആവശ്യവും ശക്തമായി. എന്നാൽ അത് യാഥാർഥ്യമാകാൻ 1980 നവംബർ ഒന്നുവരെ കാത്തിരിക്കേണ്ടിവന്നു. മലയോര മേഖലകളുടെ ഭരണസൗകര്യവും വികസന ആവശ്യകതയും തന്നെയായിരുന്നു ഇടുക്കിയുടെയും വയനാടിന്റെയും രൂപീകരണകാരണം.
പിന്നീട് പത്തനംതിട്ട ജില്ല രൂപീകരണത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭരണപരമായ ആവശ്യങ്ങളും അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളും നിർണായകമായി. ഏറ്റവും ഒടുവിൽ വന്ന കാസർകോട് ജില്ലയ്ക്കുവേണ്ടി വിവിധ രാഷ്ട്രീയപാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തെത്തി. വികസനത്തിൽ പിന്നാേക്കം നിൽക്കുന്ന മേഖലയെന്ന പരിഗണനയും ജില്ല രൂപീകരണത്തിന് അനുകൂലമായി.
പുതിയ ജില്ലകൾ: എവിടെയൊക്കെ? എന്തുകൊണ്ട്?
ജനങ്ങളുടെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുകയെന്നത് ജനകീയ ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ഭരണസംവിധാനം തങ്ങളോട് കൂടുതൽ അടുക്കണമെന്നത് ജനങ്ങളുടെയും ആഗ്രഹമാണ്. ഈ രണ്ടു ഘടകങ്ങളും ഒരുമിക്കുമ്പോഴാണ് സംസ്ഥാനം, ജില്ല, താലൂക്ക് തുടങ്ങിയ ഭരണഘടകങ്ങളുടെ പുനഃസംഘടനയ്ക്കും പുതിയ ജില്ലകളുടെ രൂപീകരണത്തിനും ആവശ്യങ്ങൾ ഉയരുന്നത്. ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ കൂടുതൽ ജില്ലകൾ വേണമെന്ന ആവശ്യം ഇതിനാൽ തന്നെ ന്യായമാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തുനിന്നാണ് പുതിയ ജില്ലയ്ക്കായുള്ള ഏറ്റവും ശക്തമായ ആവശ്യം ഉയരുന്നത്. 2011ലെ സെൻസസ് പ്രകാരം 41.19 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം, ഇടുക്കിക്ക് ശേഷം വിസ്തൃതിയിൽ രണ്ടാമത്തെ വലിയ ജില്ലയാണ്. ഏകദേശം 3,550 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. പടിഞ്ഞാറൻ മേഖലകൾ ഉൾപ്പെടുത്തി തിരൂർ ജില്ല രൂപീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. മലയോരമേഖല കേന്ദ്രീകരിച്ച് മഞ്ചേരി ജില്ല വേണമെന്ന ആവശ്യവും നിലനിൽക്കുന്നു.
എറണാകുളം ജില്ലയിൽനിന്നുള്ള ആവശ്യം മൂവാറ്റുപുഴയെ ആസ്ഥാനമാക്കിയുള്ള ജില്ലയുടേതാണ്. ഈ നിർദേശം പഠിക്കാൻ 1982ൽ കെ. കരുണാകരൻ സർക്കാർ ഡി. ബാബുപോളിനെ നിയോഗിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് വന്നിട്ടും ജില്ല രൂപംകൊണ്ടില്ല. മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, പിറവം, പാല എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട ജില്ല.
തിരുവനന്തപുരം തെക്കൻ മേഖല കേന്ദ്രീകരിച്ച് നെയ്യാറ്റിൻകരയും കിഴക്കൻമേഖല ഉൾപ്പെടുത്തി നെടുമങ്ങാട് ജില്ലയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 33.07 ലക്ഷം ജനസംഖ്യയും 2,192 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ജില്ലയാണ് തിരുവനന്തപുരം. പൊന്മുടി വരെയുള്ള മലയോര മേഖലക്കും തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പാറശ്ശാല മേഖലയ്ക്കും പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യമാണ് ഇതിനുപിന്നിൽ. ജനസംഖ്യയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് തിരുവനന്തപുരം.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ചില താലൂക്കുകൾ ഉൾപ്പെടുത്തി വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന ആവശ്യവും നിയമസഭയിൽ ഉയർന്നിട്ടുണ്ട്. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല, പെരിന്തൽമണ്ണ എന്നിവയാണ് നിർദിഷ്ട ജില്ലയിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ. ഭാഷാപരവും സാംസ്‌കാരികവുമായ പ്രത്യേകതകളും ഈ ആവശ്യത്തിനു ശക്തിപകരുന്നു. കോഴിക്കോട് ജില്ലയിലെ വടക്കൻ മേഖല കേന്ദ്രീകരിച്ച് വടകര ജില്ലയും കണ്ണൂർ ജില്ലയിലെ തലശ്ശേരി കേന്ദ്രീകരിച്ച് പുതിയ ജില്ലയും വേണമെന്ന ആവശ്യവും വിവിധ ജനകീയ സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. എങ്കിലും മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പുനക്രമീകരണം എന്ന ആവശ്യം പ്രധാനമായും ഉയരുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."