'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ
നെടുമ്പാശ്ശേരി: രാജ്യത്തെ ആദ്യ ജലവിമാന (സീ പ്ലെയിൻ) സർവിസ് വീണ്ടും അനിശ്ചിതത്വത്തിലായി. കഴിഞ്ഞ 19ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അടുത്ത ദിവസമായ തിങ്കളാഴ്ച മുതൽ നെടുമ്പാശ്ശേരിയിൽ നിന്നും ലക്ഷദ്വീപിലേക്ക് സർവിസ് ആരംഭിക്കുമെന്നുമാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. എന്ന് മുതൽ ഇനി സർവിസ് ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും അന്തിമ അനുമതി ലഭ്യമാകാത്തതാണ് സർവിസ് വൈകുന്നതെന്നാണ് വിവരം. സ്‌കൈ ഹോപ്പ് വിമാന കമ്പനിയുടെ നേതൃത്വത്തിൽ സർവിസിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ജലവിമാന സർവിസിനെ വിനോദ സഞ്ചാര മേഖല ഉൾപ്പെടെയുള്ള ലക്ഷദ്വീപ് യാത്രക്കാർ നോക്കികണ്ടിരുന്നത്. 45 മിനിറ്റിൽ നെടുമ്പാശ്ശേരിയിൽ നിന്നും ലക്ഷദ്വീപിലേക്കും തിരിച്ചും പറക്കാൻ കഴിയുമെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം.
വെള്ളത്തിൽ നിന്നും കരയിൽ നിന്നും ഒരുപോലെ പറന്നുയരാൻ കഴിയുന്ന ജലവിമാനത്തിന് വെള്ളത്തിലും കരയിലും ഇറങ്ങാൻ കഴിയും എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ ആദ്യമായാണ് ജലവിമാന സർവിസ് ആരംഭിക്കാൻ പദ്ധതി തയാറായിരുന്നത്. ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളിലേക്ക് കഴിഞ്ഞ മാസം നടത്തിയ പരീക്ഷണ പറക്കലുകൾ വിജയകരമായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 22 ന് പരീക്ഷണ പറക്കലിനിടെ ലക്ഷദ്വീപിൽ കടലിൽ ഇറങ്ങുന്നതിനിടെ വിമാനത്തിൻ്റെ ചിറക് ബോട്ടിൽ തട്ടിയിരുന്നു. ഇതേതുടർന്ന് വിമാനത്തിനും ബോട്ടിനും കേടുപാടുകളും സംഭവിച്ചിരുന്നു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം വിമാനം കടലിൽ ഇറങ്ങിയ ശേഷം ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. പിന്നീട് വിമാനം നെടുമ്പാശ്ശേരിയിൽ എത്തിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ഈ അപകടവും അന്തിമ അനുമതി ലഭിക്കാൻ തടസമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനമാണ് സർവിസിനായി ഒരുക്കിയിരുന്നത്. അനുമതി വൈകുന്നതിനാൽ വിമാനം ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്.
Kerala's seaplane service faces uncertainty as it awaits final approval from the Union Ministry of Civil Aviation. Despite preparations being underway, the lack of clearance has delayed the project's launch. The service's future now depends on the ministry's final decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."